'വിവാഹം കഴിഞ്ഞാലും മകൾ മകൾ തന്നെ'; വിവേചനം റദ്ദാക്കി കർണാടക ഹൈകോടതി
text_fieldsബംഗളൂരു: വിവാഹിതനായ മകനെ മകനായി തന്നെ പരിഗണിക്കുന്നതുപോലെ, വിവാഹിതയായ മകളെ മകളായി തന്നെ പരിഗണിക്കണമെന്ന് കർണാടക ഹൈകോടതി. വിരമിച്ച പട്ടാളക്കാരന്‍റെ വിവാഹിതയായ മകൾ ആശ്രിത കാർഡിന് അർഹയല്ലെന്ന സൈനിക ക്ഷേമ ബോർഡിന്‍റെ ചട്ടം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
'വിവാഹം ചെയ്താലും ഇല്ലെങ്കിലും മകൻ മകനായി തുടരുകയാണെങ്കിൽ, മകളും മകളായി തുടരണം.
വിവാഹത്തിലൂടെ മകന്‍റെ പദവിക്ക് ഒരു മാറ്റവുമുണ്ടാകാത്തിടത്തോളം മകളുടെ പദവിയിലും ഒരു മാറ്റവുമുണ്ടാകരുത്' -ജസ്റ്റിസ് എസ്. നാഗപ്രസന്ന വ്യക്തമാക്കി.
വിരമിച്ച സൈനികരെ 'എക്സ്-സർവിസ്മെൻ' എന്ന് വിളിക്കുന്നത് അവസാനിപ്പിച്ച് പകരം ജെൻഡർ ന്യൂട്രലായ 'എക്സ്-സർവിസ് പേഴ്സണൽ' എന്ന വാക്ക് ഉപയോഗിക്കുന്നത് പരിഗണിക്കാൻ കേന്ദ്ര സർക്കാറിനും കോടതി നിർദേശം നൽകി.
പ്രിയങ്ക പാട്ടീൽ എന്ന യുവതിയാണ് തനിക്ക് സൈനിക-ആശ്രിത ആനുകൂല്യം ലഭിക്കുന്നില്ലെന്ന് കാട്ടി കോടതിയെ സമീപിച്ചത്. പ്രിയങ്കയുടെ പിതാവ് സുബേദാർ രമേശ് കണ്ടപ്പ 2001ൽ സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ചിരുന്നു. അന്ന് 10 വയസായിരുന്നു പ്രിയങ്കക്ക് പ്രായം. പിന്നീട് വിവാഹിതയായ പ്രിയങ്ക, സർക്കാർ സർവിസിൽ സൈനികരുടെ ആശ്രിതർക്കുള്ള സംവരണത്തിന് ആവശ്യമുന്നയിച്ചെങ്കിലും വിവാഹിതയാണെന്ന് കാട്ടി നിരസിക്കുകയായിരുന്നു. മകൾ വിവാഹിതയാണെങ്കിൽ ആനുകൂല്യത്തിന് അർഹയല്ലെന്നായിരുന്നു ഇതുവരെയുള്ള ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

