ശിവന് തളരാത്ത കൂട്ടായി സബിത; ഇന്ന് സ്നേഹതാലികെട്ട്
text_fieldsസബിതയും ശിവദാസനും
കൽപറ്റ: മനുഷ്യസ്നേഹത്തിൽ പൊതിഞ്ഞ പ്രണയം വിവാഹത്തിലേക്ക് വഴിമാറുന്ന സന്തോഷമുഹൂർത്തത്തിന് സാക്ഷിയാവുകയാണ് ഞായറാഴ്ച വെങ്ങപ്പള്ളി. വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കേ, അപകടത്തിൽ പരിക്കേറ്റ് അരക്കുതാഴെ തളർന്ന പ്രതിശ്രുത വരനെ എട്ടുവർഷത്തോളം പരിചരിച്ച് കൂടെനിന്ന യുവതിയുടെ നിശ്ചയദാർഢ്യമാണ് താലികെട്ടിലൂടെ പൂവണിയുന്നത്.
വയനാട് വെങ്ങപ്പള്ളി ആദിവാസി കോളനിയിലെ ശിവദാസൻ എന്ന ശിവന്റെയും സബിതയുടെയും ജീവിതം എട്ടുവർഷം മുമ്പാണ് മാറിമറിഞ്ഞത്.
കെട്ടിട നിർമാണ ജോലിക്കിടെ വീണ ശിവന്റെ അരക്ക് കീഴ്പോട്ട് തളർന്നുപോവുകയായിരുന്നു. മുറപ്പെണ്ണ് സബിതയുമായുള്ള വിവാഹം ഉറപ്പിച്ച സമയത്തായിരുന്നു ദുരന്തം. ഇതോടെ വിവാഹം മുടങ്ങി. എന്നാൽ, സബിത ശിവനൊപ്പംനിന്ന് പരിചരിക്കാൻ തയാറായി.
രോഗാവസ്ഥ വ്യക്തമാക്കിയെങ്കിലും ശിവൻതന്നെ പങ്കാളിയായി മതിയെന്ന ഉറച്ച തീരുമാനമെടുക്കുകയായിരുന്നു യുവതി. കുടുംബത്തിൽ ചിലർ ആദ്യം എതിർത്തെങ്കിലും പിന്നീട് പിന്തുണച്ചു.
ചികിത്സയും അതിന് പണം കണ്ടെത്താനുള്ള പ്രയാസങ്ങൾക്കുമിടയിൽ, മുടങ്ങിയ വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ ഇവർക്ക് സമയമുണ്ടായിരുന്നില്ല. എട്ടുവർഷമായി ശിവന്റെ ജീവിതം ചുമരുകൾ തേക്കാത്ത ചെറിയ വീട്ടിലെ മുറിക്കുള്ളിലാണ്. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്.
ചലിക്കാൻപോലും ആവില്ലെന്ന് കരുതിയ ശിവനെ സബിത ഇക്കാലമത്രയും പരിചരിച്ചു. ഇതിനിടെ തരിയോട് സെക്കൻഡറി പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർ ശിവന്റെ രോഗാവസ്ഥ അറിഞ്ഞ് വീട്ടിലെത്തി സഹായം ചെയ്യാൻ ആരംഭിച്ചു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിഞ്ഞ് വിവാഹത്തിനും പാലിയേറ്റിവ് യൂനിറ്റ് മുൻകൈയെടുക്കുകയായിരുന്നു.
അസുഖം ഭേദമായി ഒരുമിച്ച് കൈപിടിച്ച് നടക്കണം, വീട് നവീകരിക്കണം... ഇങ്ങനെ ഒരുപാട് മോഹങ്ങളുമായി ശിവനും സബിതയും പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ്; വഴിയിൽ തളർന്നുവീഴാൻ സമ്മതിക്കാതെ നന്മയുടെ ഉറവ വറ്റാത്തവർ കൂടെയുണ്ടാവുമെന്ന ധൈര്യവുമായി.
എം.എൽ.എ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച രാവിലെ 11ന് വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തിലാണ് വിവാഹം. പാലിയേറ്റിവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം. ശിവാനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

