വിവാഹസംഘത്തെ മർദിച്ച കേസ്; പത്തനംതിട്ട എസ്.ഐ ജിനുവിനും രണ്ട് പൊലീസുകാർക്കും സസ്പെൻഷൻ
text_fieldsപത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകൾ അടക്കമുള്ള സംഘത്തിനുനേരെ രാത്രി പൊലീസ് അതിക്രമം. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ എസ്.ഐയുടെ നേതൃത്വത്തിൽ നടന്ന മർദനത്തിൽ യുവതിയുടെ തൊളെല്ലൊടിഞ്ഞു. ഇവരുടെ ഭർത്താവ് ഉൾപ്പെടെ രണ്ട് യുവാക്കളെ ക്രൂരമായി മർദിച്ചു.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പത്തനംതിട്ട അബാൻ ജങ്ഷനിൽ നടന്ന ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് പ്രതിക്കൂട്ടിലായി. മുണ്ടക്കയം പുഞ്ചവയൽ കുളത്താശ്ശേരിയിൽ ശ്രീജിത്ത് (34), ഭാര്യ എരുമേലി നോർത്ത് തുലാപ്പള്ളി ചെളിക്കുഴിയിൽ സി.ടി. സിതാരമോൾ (31), ആലപ്പുഴ നെഹ്റു ട്രോഫി വാർഡിൽ ഷിജിൻ (35) എന്നിവർക്കാണ് മർദനമേറ്റത്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ ജെ.യു. ജിനു, സി.പി.ഒമാരായ ജോബിൻ ജോസഫ്, അഷ്ഫാഖ് റഷീദ് എന്നിവരെ സസ്പെൻഡ് ചെയ്തു. മൂന്നു പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെടാത്ത പൊലീസ് ഡ്രൈവറെ നടപടിയിൽനിന്ന് ഒഴിവാക്കി. ബുധനാഴ്ച രാവിലെ എസ്.ഐയെ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി വിഷയം ഒതുക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ആളിക്കത്തിയതോടെ നടപടികൾ സ്വീകരിക്കുകയായിരുന്നു. നാലുദിവസം മുമ്പ് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ പതിനെട്ടുകാരന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന എസ്.ഐ ജിനു കഴിഞ്ഞദിവസമാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്.
ചൊവ്വാഴ്ച രാത്രി അടൂരിൽ സിതാരയുടെ സഹോദരന്റെ മകളുടെ വിവാഹ സൽക്കാരച്ചടങ്ങിൽ പങ്കെടുത്ത് വാനിൽ മടങ്ങിയ സംഘത്തിന് നേരെയായിരുന്നു പൊലീസ് അതിക്രമം. എരുമേലി, മുണ്ടക്കയം ഭാഗത്തു നിന്നുള്ള ഇരുപതോളം പേരാണ് വാനിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.