പ്രണയം നടിച്ച് പണവും ആഭരണവും തട്ടുന്ന ‘മണവാളൻ’ അറസ്റ്റിൽ
text_fieldsനിലമ്പൂർ: പ്രണയം നടിച്ച് യുവതികളെയും കുടുംബിനികളെയും മാനഭംഗപ്പെടുത്തി പണവും ആഭരണങ്ങളും തട്ടുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളങ്ങി സ്വദേശി കുറുപ്പശ്ശേരി പ്രവീൺ ജോർജ് എന്ന മണവാളൻ പ്രവീണിനെ (36) നിലമ്പൂർ സി.ഐ കെ.എം. ബിജുവും സംഘവും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് പിടികൂടിയത്. വണ്ടൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
മൊബൈൽഫോൺ വഴി പരിചയപ്പെട്ട് വിശ്വസ്തനായ ശേഷമാണ് പണവും ആഭരണവും തട്ടിയെടുക്കുന്നത്. പരാതിക്കാരിയെ വിവാഹശേഷം താമസിക്കാനുള്ള വീട് നോക്കാമെന്ന് പറഞ്ഞാണ് നിലമ്പൂർ ചന്തക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ കൊണ്ടുവന്നത്. തുടർന്ന്, കോളയിൽ മദ്യം ചേർത്ത് കുടിപ്പിച്ച ശേഷം മാനഭംഗപ്പെടുത്തി യുവതി അണിഞ്ഞ 15 പവൻ സ്വർണവുമായി മുങ്ങിയെന്നാണ് കേസ്.
മിസ്ഡ്കാൾ വഴി പരിചയപ്പെടുന്ന സ്ത്രീകളുടെ പേരിൽ സിം കാർഡ് എടുപ്പിച്ച് അതിൽനിന്നാണ് മറ്റ് സ്ത്രീകളെ വിളിച്ചിരുന്നത്. ഒരു നമ്പറിൽനിന്ന് രണ്ട് സ്ത്രീകളെ മാത്രമാണ് വിളിച്ചിരുന്നത്. മറ്റു സ്ത്രീകൾ വിളിക്കുമ്പോൾ ഫോൺ ബിസിയാകാതിരിക്കാനാണിത്. മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി. മോഹനചന്ദ്രെൻറ നേതൃത്വത്തിൽ നിലമ്പൂർ സി.ഐ കെ.എം. ബിജു, എസ്.ഐ സി. പ്രദീപ് കുമാർ, റെന്നി ഫിലിപ്പ്, എം. മനോജ്, പി.സി. വിനോദ്, ടി.ബി. നോബ്, ജാബിർ, ജയരാജ്, റൈഹാനത്ത് തുടങ്ങിയവരാണ് പ്രതിയെ വലയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
