അവരുടെ പ്രണയത്തിന് തടയിടാൻ പ്രളയത്തിനായില്ല
text_fieldsആലപ്പുഴ: കൈതവനയിലെ ബിനുവും കൈനകരി സ്വദേശിനി മീരയും ചെറുപ്പം മുതൽ ഒരേ ക്ലാസിൽ പഠിച്ചുവളർന്നവരാണ്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. വലുതായപ്പോഴും ഇരുവരും പ്രണയം തുടർന്നു. ബിനു എയർഫോഴ്സിൽ ജോലി കിട്ടി പഞ്ചാബിലേക്ക് യാത്രയായി. ആലപ്പുഴയിെല ഷൈമാസ് ഹോണ്ടയിൽ ജോലിക്കാരിയാണ് മീര. ഇരുവരുടെയും വീടുകൾ ഇൗ പ്രളയകാലത്ത് വെള്ളത്തിലായി.
ജില്ലയിലെ രണ്ട് ദുരിതാശ്വാസക്യാമ്പിലാണ് ഇരുവരുടെയും കുടുംബം. പ്രളയദുരിതത്തിനിടയിലും ബിനു മീരയെ ചേർത്തുപിടിച്ചു. ദുരിതാശ്വാസ ക്യാമ്പിൽനിന്നെത്തിയ ഏതാനും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇരുവരും വ്യാഴാഴ്ച ആലപ്പുഴ തിരുവമ്പാടി ക്യാമ്പിൽ വിവാഹിതരായി. ക്യാമ്പ് നിവാസികൾ ഇരുവർക്കും മംഗളാശംസകൾ നേർന്നു. ആഭരണങ്ങളില്ല, വിലകൂടിയ പുടവയില്ല, കൊട്ടും കുരവയുമില്ല, എന്തിനേറെ വിവാഹസദ്യപോലും ഇല്ല. തിരുവമ്പാടി ഗവ. യു.പി സ്കൂളിെൻറ നടയിൽ ബിനു മീരയുടെ കഴുത്തിൽ താലിച്ചരട് കോർത്തു. കണ്ടുനിന്ന ക്യാമ്പ് അംഗങ്ങൾ ആശംസ ചൊരിഞ്ഞു.
കൈതവന കണ്ണാട്ടുകളം വീട്ടിൽ ബിജുവിെൻറയും ബിന്ദുവിെൻറയും മകനാണ് ബിനു. പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് കുടുംബം തിരുവമ്പാടി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. കൈതവന തച്ചിൽ പ്രഭുവിെൻറയും മേദിനിയുടെയും മകളാണ് മീര. വീട് പൂർണമായും വെള്ളത്തിലായപ്പോൾ പുന്നപ്ര ജ്യോതിനികേതൻ സ്കൂളിലെ ക്യാമ്പിലേക്ക് മാറുകയായിരുന്നു കുടുംബം. ഇൗ മാസം ഒന്നുമുതൽ ക്യാമ്പിലാണ് മീരയുടെ കുടുംബം. കഴിഞ്ഞദിവസം ലീവിൽ വന്ന ബിനുവിെൻറ ആഗ്രഹപ്രകാരമാണ് വിവാഹം നേരേത്ത നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
