മാരിയിൽ കൃഷ്ണൻനായർ അന്തരിച്ചു
text_fieldsതൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡൻറും ഇടുക്കി ജില്ല അധ്യക്ഷനുമായ മാരിയിൽ കൃഷ്ണൻനായർ (78) അന്തരിച്ചു. തൊടുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ ബുധനാഴ്ച വൈകീട്ട് 3.30ഒാടെ ഭക്ഷണം കഴിച്ച് തീർന്നയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആദരസൂചകമായി വ്യാഴാഴ്ച ഇടുക്കി ജില്ലയിൽ വ്യാപാരികൾ ഹർത്താൽ ആചരിക്കും.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തൊടുപുഴ മൂപ്പിൽകടവ് പാലത്തിന് സമീപത്തെ തറവാട്ടുവളപ്പിലാണ് സംസ്കാരം. ഭാര്യ: മുൻ നഗരസഭ കൗൺസിലർ കെ. വിജയകുമാരി (റിട്ട. ഡെപ്യൂട്ടി കൺട്രോളർ റേഷനിങ് സിവിൽ സപ്ലൈസ്). കെ. അനിത ഏക മകളാണ് (എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക, വളയൻചിറങ്ങര). മരുമകൻ: ജി. സന്തോഷ്കുമാർ (സബ് എൻജിനീയർ കെ.എസ്.ഇ.ബി).
1939 ഡിസംബർ 21ന് തൊടുപുഴ മാരിയിൽ കുടുംബത്തിൽ എം.കെ. കൃഷ്ണൻ നായരുടെയും ഭാർഗവിയമ്മയുടെയും ഏഴ് മക്കളിൽ രണ്ടാമനായി ജനിച്ച കൃഷ്ണൻ നായർ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കമ്പനിയായ ബാംഗ്ലൂർ ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ഏജൻസിയിൽ 1958ൽ അപ്രൻറിസായി ജോലിയിൽ കയറി. 1983ൽ ജോലി രാജിവെച്ച് ജന്മനാടായ തൊടുപുഴയിൽ മാസ് പ്ലൈവുഡ്സ് ഗ്ലാസ് ഹൗസ് എന്ന സ്ഥാപനത്തിന് തുടക്കംകുറിച്ചു.
1987-89 കാലഘട്ടത്തിൽ സംഘടന പ്രവർത്തനം തുടങ്ങി. 1989-91ൽ ഏകോപന സമിതി ജില്ല കമ്മിറ്റി അംഗമായ കൃഷ്ണൻനായർ, 1991-93ൽ ജില്ല പ്രസിഡൻറായി. 26 വർഷമായി ജില്ല പ്രസിഡൻറായി തുടരുന്ന ഇദ്ദേഹം കഴിഞ്ഞവർഷം സംസ്ഥാന വർക്കിങ് പ്രസിഡൻറാകുന്നത് വരെ 20 വർഷം സംസ്ഥാന വൈസ് പ്രസിഡൻറായും പ്രവർത്തിച്ചു. വ്യാപാരി-ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് കമ്മിറ്റി അംഗം, അഖിലേന്ത്യ വ്യാപാർ ഉദ്യോഗ മണ്ഡൽ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരവെയാണ് അന്ത്യം. ഇടുക്കി ചെറുതോണിയിൽ വ്യാപാരികളുടെ ആസ്ഥാന മന്ദിരം തീർത്തത് ഇദ്ദേഹത്തിെൻറ മുൻകൈയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
