മരിയനാട് ഭൂസമര ഐക്യദാര്‍ഢ്യകണ്‍വെന്‍ഷന്‍ 27ന്
text_fieldsകോഴിക്കോട് : മരിയനാട് ഭൂസമര ഐക്യദാര്‍ഢ്യകണ്‍വെന്‍ഷന്‍ ഈ മാസം 27ന് നടത്തുമെന്ന് ആദിവാസി ഗോത്രമഹാസഭ എം. ഗീതാനന്ദനും ഇരുളം ഭൂസമരസമിതി ചെയര്‍മാന്‍ ബി.വി.ബോളനും അറിയിച്ചു.2022 മെയ് 31-ന് ആദിവാസി ഗോത്രമഹാസഭയുടെയും ഇരുളം ഭൂസമരസമിതിയുടെയും നേതൃത്വത്തില്‍ മരിയനാട് എസ്റ്റേറ്റില്‍ ആരംഭിച്ച ഭൂസമരം രണ്ടുമാസം പിന്നിട്ടു.
ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ രണ്ടായിരത്തി ഒന്നില്‍ നടന്ന കുടില്‍ കെട്ടല്‍ സമരത്തിന്റെയും മുത്തങ്ങ സമരത്തിന്റെയും ഫലമായി ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചു നല്‍കാന്‍ സുപ്രീംകോടതിയുടെ അനുമതിയോടെ കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ 19,000 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയില്‍ ഉള്‍പ്പെട്ടതാണ് മരിയനാട് എസ്റ്റേറ്റ്. സുപ്രീംകോടതി കര്‍ക്കശമായ വ്യവസ്ഥകളോടെ ഭൂമി ആദിവാസികള്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍സ്വീകരിച്ചിട്ടില്ല.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ ഭൂമിയില്‍ സര്‍ക്കാരും ഭരണകക്ഷി സംഘടനകളും വ്യാപകമായി കൈയേറി. വയനാട് ജില്ലയില്‍ അവശേഷിക്കുന്ന ഭൂമിയില്‍ മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ 2014 -ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 600 ഏക്കറോളം വരുന്ന മരിയനാട് എസ്റ്റേറ്റ് വനം വികസന കോര്‍പ്പറേഷനാണ് കൈവശം വെച്ചിരുന്നത്.
2004-ല്‍ ആദിവാസി പുനരധിവാസത്തിന് എസ്റ്റേറ്റ് മാറ്റിവെച്ചപ്പോള്‍ത്തന്നെ കോര്‍പറേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍, തൊഴിലാളികള്‍ക്ക് കൂലിയും നഷ്ടപരിഹാരവും നല്‍കുന്നതിനു പകരം വനംവകുപ്പിന്റെ ഒത്താശയോടുകൂടി തൊഴിലാളി സംഘടനകള്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് വീതിച്ചുനല്‍കി വിളവെടുത്തു.
വിളവെടുക്കുന്നതില്‍ മൽസരിക്കുന്നവരില്‍ കോണ്‍ഗ്രസ്, സി.പി.എം. യൂനിയനുകള്‍ ഉള്‍പ്പെടും. 2014 ന് ശേഷം മരിയനാട് എസ്റ്റേറ്റില്‍ ഭൂമി പതിച്ച് കിട്ടിയ ആദിവാസികളെ യൂനിയനുകള്‍ തടയുകയും ചെയ്തു. 18 വര്‍ഷമായി നടക്കുന്ന വിഭവക്കൊള്ളയെയാണ് വനംവകുപ്പ് സംരക്ഷിക്കുകയാണ്.
മുത്തങ്ങയിലെ ആദിവാസികള്‍ കബളിപ്പിക്കപ്പെടുകയും പ്രളയം മൂലം വ്യാപകമായി വാസസ്ഥലം നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മരിയനാട് എസ്റ്റേറ്റില്‍ ഭൂസമരം ആരംഭിച്ചത്. ആദിവാസികൾക്ക് അനുവദിച്ച് ഭൂമി വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കൺവെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

