Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചായത്ത് ഓഫിസിൽ കാട്ടുപോത്ത്: ഫര്‍ണിച്ചറുകളും ഉപകരണങ്ങളും തകര്‍ത്തു

text_fields
bookmark_border
സമീപത്തെ ഹോട്ടലിൽ വ്യാപക നാശം, രണ്ടുപേർക്ക് പരുക്ക്
പഞ്ചായത്ത് ഓഫിസിൽ കാട്ടുപോത്ത്:  ഫര്‍ണിച്ചറുകളും ഉപകരണങ്ങളും തകര്‍ത്തു
cancel

മറയൂർ: മറയൂര്‍ ടൗണില്‍ ഇറങ്ങിയ കാട്ടുപോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. പഞ്ചായത്ത് ഓഫിസിനകത്തും ഹോട്ടലിലും കയറിയ കാട്ടുപോത്ത് രണ്ടുപേരെ കുത്തി. കുമുട്ടാംകുഴി ഉന്നതി സ്വദേശികളായ കാമാക്ഷി (75), മരുമകൾ സെല്‍വി രാമു (49) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാവിലെ 6.30ന് കാട്ടുപോത്ത് കുമ്പിട്ടാംകുഴി ഉന്നതയിലെത്തുന്നത്. രണ്ടുമണിക്കൂറോളം ജനം അവിടെ പരിഭ്രാന്തിയിലായി. വീട്ടുമുറ്റത്ത് നിന്നിരുന്ന കാമാക്ഷിയെയും മരുമകൾ സെൽവിയെയും കാട്ടുപോത്ത് കുത്തിയെറിഞ്ഞു. പുൻവശത്ത് തുറന്ന വാതിലിലൂടെ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് ഓടിക്കയറി. സെക്രട്ടറിയുടെ ചേംബറിനുള്ളില്‍ കുടുങ്ങിയ കാട്ടുപോത്ത് പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങി. പഞ്ചായത്ത് ഓഫിസിൽനിന്ന് ഓടിച്ചുവിട്ട കാട്ടുപോത്ത് ഹോട്ടലിലേക്ക് കയറി അവിടെനിന്ന് തിരിച്ച് റോഡിലേക്കും പാഞ്ഞു.

പഞ്ചായത്ത് ഓഫിസിനുള്ളിലെ ഫര്‍ണിച്ചറുകളും ഉപകരണങ്ങളും കാട്ടുപോത്ത് തകര്‍ത്തു. നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് പുറത്തിറക്കിയ കാട്ടുപോത്ത് പിന്നീട് സമീപം ഒരു ഹോട്ടലിലേക്ക് ഇരച്ചുകയറി. ഇവിടെയും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി. ഹോട്ടലില്‍ നിന്നും ഓടിച്ചപ്പോള്‍ സര്‍വിസ് സഹകരണ ബാങ്കിന് സമീപത്തെ വഴിയിലൂടെ ഉന്നതിയുടെ ഭാഗത്തേക്ക് കാട്ടുപോത്ത് ഓടിപ്പോയി. കാട്ടുപോത്ത് ടൗണില്‍ നിലയുറപ്പിച്ചതോടെ മറയൂര്‍ ടൗണില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് വന്യജീവി ശല്യം തടയുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു.

പഞ്ചായത്ത് ഓഫിസിൽ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് കാട്ടുപോത്ത് തകർത്തത്. കാട്ടുപോത്ത് നിലവില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലൂടെ കറങ്ങി നടക്കുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധം

മറയൂര്‍ ടൗണിലും പഞ്ചായത്ത് ഓഫിസ് പരിസരങ്ങളിലും കാട്ടുപോത്ത് ഇറങ്ങുന്നതും വന്യജീവി ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ക്ക് പരിക്കേറ്റതിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ്, ഡി.എഫ്.ഒ ഓഫിസ് മാര്‍ച്ച് നടത്തി. ജനവാസ മേഖലയില്‍ വന്യജീവികള്‍ ഇറങ്ങുന്നത് തടയാന്‍ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അനുവദിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ തുക ദുരുപയോഗം ചെയ്യുകയാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു.

സുരക്ഷ ക്രമീകരണങ്ങള്‍ക്കായി അനുവദിക്കുന്ന കോടികള്‍ പാഴാക്കുന്നതായും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശാശ്വത പരിഹാരം കാണുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇടതുമുന്നണി നേതാക്കളായ വി. സിജിമോന്‍, എം. ലക്ഷ്മണന്‍, പി.എസ്. ശശികുമാര്‍, അണ്ണാദുരൈ, എസ്. ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നൽകി. അടിയന്തരമായി നഷ്ടപരിഹാരം നൽകുമെന്നും കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങാതെ വനത്തിനുള്ളിൽ തടയാനുള്ള നടപടി സ്വീകരിക്കുമെന്നും റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild buffalo breaks into Marayoor town: Runs into panchayat office, causes extensive damage to nearby hotel, two injured
Next Story