കൊച്ചി: മുല്ലപ്പെരിയാർ ഡാം ഡീകമീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് റൺ ഫോർ ലൈഫ് എന്ന പേരിൽ മാരത്തൺ യാത്ര സംഘടിപ്പിക്കുമെന്ന് സേവ് കേരള ബ്രിഗേഡ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നവംബർ ആറിന് കൊച്ചിയിൽനിന്ന് മുല്ലപ്പെരിയാറിലേക്ക് നടത്തുന്ന മാരത്തൺ യാത്രയിൽ കുണ്ടന്നൂർ സ്വദേശികളായ എ.ബി രഞ്ജിത്, മിഥുൻ തലകേഷൻ എന്നിവരാണ് പങ്കെടുക്കുന്നത്.
കുണ്ടന്നൂർ മുതൽ മുല്ലപ്പെരിയാർ ചപ്പാത്ത് വരെ 148 കിലോമീറ്ററാണ് മാരത്തൺ യാത്ര. കടുത്തുരുത്തി, പാല, ഈരാറ്റുപ്പേട്ട, മുണ്ടക്കയം, കുട്ടിക്കാനം വഴിയാണ് ചപ്പാത്തിലേക്ക് പോകുന്നത്. ജനറൽ സെക്രട്ടറി അമൃതാ പ്രീതം, ഷാനവാസ്, ബെന്നി ബേബി ജോൺ, എ.ബി രഞ്ജിത് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.