മാരാമൺ കൺവെൻഷന് തുടക്കം
text_fields131ാമത് മാരാമൺ കൺവൻഷൻ പമ്പാ മണൽപുറത്ത് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: മതഭ്രാന്തിനോടും വർഗീയതയോടും സന്ധി ചെയ്യാത്ത ധാർമിക രാഷ്ട്രീയം ക്രൈസ്തവ സമൂഹം ഉയർത്തിപ്പിടിക്കണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. മാരാമൺ കൺവൻഷന്റെ 131ാമത് മഹായോഗം പമ്പാദിയിലെ മാരാമൺ മണൽപ്പുറത്ത് ഒരുക്കിയ പന്തലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലിത്ത. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സമൂഹം സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്ന് സൂചന നൽകി എല്ലാവരെയും ഉൾക്കൊള്ളുന്ന, തുല്യാവകാശങ്ങളെ മാനിക്കുന്ന, വിമർശനങ്ങൾ കേൾക്കാൻ തയാറുള്ള ഭരണസംവിധാനം ഉണ്ടാകണമെന്ന് മെത്രാപ്പോലിത്ത അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ 2023ൽ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ ഇനിയെങ്കിലും പുറത്തുവിടാനും നടപ്പാക്കാനും ബന്ധപ്പെട്ടവർ ഇച്ഛാശക്തി കാണിക്കണം. ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രിസ്മസ് കാലത്ത് ആഘോഷങ്ങൾക്കും ക്രൈസ്തവ സമൂഹത്തിനും നേരെ നിരന്തരം അക്രമണങ്ങൾ ഉണ്ടായി. കേരളത്തിൽ പോലും ഇത്തരം അതിക്രമങ്ങളുടെ വാർത്തകൾ കേട്ടു. വർഗീയ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ നമുക്ക് പ്രാർഥിക്കാമെന്നും മെത്രാപ്പോലിത്ത പറഞ്ഞു.
മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ് കോപ്പാ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ക്ലിയോ ഫാസ്. ജെ. ലാറു പ്രസംഗിച്ചു. സഫ്രഗൻ മെത്രാപ്പൊലിത്തമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ ജോസഫ് മാർ ബർണബാസ്, എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. എബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, ഡോ. ജോസഫ് മാർ ഇവാനിയോസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം, സി. എസ്. ഐ ബിഷപ്പ് സാബു മലയിൽ കോശി, ബിലീവേഴ്സ് ഈസ്റ്റേൻ ചർച്ച് അധ്യക്ഷൻ സാമൂവൽ തിയോഫിലോസ് മെത്രാപ്പൊലിത്ത എന്നിവർ പങ്കെടുത്തു.
മന്ത്രിമാരായ വീണ ജോർജ്, സജി ചെറിയാൻ, എം.പിമാരായ ആന്റോ ആന്റണി, കോടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പന്തളം സുധാകരൻ, എം.എൽ.എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണൻ, കെ.യു. ജനീഷ് കുമാർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ.എസ്.ഐ.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

