മരട് അപകടം: വിദ്യാലക്ഷ്മിക്കും ലതക്കും നിറകണ്ണുകളോടെ യാത്രാമൊഴി
text_fieldsകൊച്ചി: മരടിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക് നിറകണ്ണുകളോടെ യാത്രാമൊഴി. മരട് കിഡ്സ് വേൾഡ് പ്രീ സ്കൂളിലെ വിദ്യാർഥി വിദ്യാലക്ഷ്മി (നാല്), ആയ ലത ഉണ്ണി (45) എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദർശനത്തിനുശേഷം സംസ്കരിച്ചത്.
പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മരട് ജനത റോഡ് വൻപുള്ളി വീട്ടിൽ ജോബി ജോർജിെൻറ മകൾ കരോലിെൻറ (അഞ്ച്) സ്ഥിതി ഗുരുതരമായി തുടരുന്നു. അതേസമയം, വാൻ ഡ്രൈവർ മരട് ജയന്തി റോഡിൽ മിനക്കേരി വീട്ടിൽ അനിൽകുമാർ (45) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കാക്കനാട് വാഴക്കാല ഐശ്വര്യയില്‍ സനൽകുമാർ-സ്മിഷ ദമ്പതികളുടെ മകളായ വിദ്യാലക്ഷ്മിയുടെ മൃതദേഹം ഉച്ചക്ക് 12വരെ മരട് ആയത്തുപറമ്പിലെ വാടകവീട്ടിൽ പൊതുദർശനത്തിനുവെച്ചു. അധ്യാപകരും സഹപാഠികളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് സ്മിജയുടെ പട്ടിമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് സനൽകുമാറും കുടുംബവും ഏതാനും മാസം മുമ്പ് മരടിൽ വീട് വാടകക്കെടുത്തത്. ലത ഉണ്ണിയുടെ മൃതദേഹം മരട് വിക്രം സാരാഭായ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനുെവച്ചു. നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാനെത്തി. ഉച്ചക്ക് 12ഒാടെ മരട് നെട്ടൂര്‍ ശാന്തിവനം ശ്മശാനത്തില്‍ സംസ്‌കരിച്ചു. നിര്‍മാണ തൊഴിലാളിയായ ഉണ്ണിയാണ് ഭര്‍ത്താവ്. മക്കള്‍: ഐശ്വര്യ, ലക്ഷ്മി.

മരിച്ച ലതയുടെ രണ്ടുമക്കളുടെയും വിദ്യാഭ്യാസ ചെലവ് പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏറ്റെടുക്കും. ഇരുവരുടെയും പേരിൽ നാലുലക്ഷം രൂപ മരട് സർവിസ് സഹകരണബാങ്കിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുമെന്ന് മാനേജിങ് ട്രസ്റ്റി പ്രഫ. കെ.വി. തോമസ് എം.പി അറിയിച്ചു.
അതിഗുരുതരാവസ്ഥയിൽ കുരുന്ന് കരോലിൻ
കൊച്ചി: മരടിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ കഴിയുന്ന കരോലിെൻറ സ്ഥിതി അതിഗുരുതരമായി തുടരുന്നെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ശ്വാസകോശത്തിൽ ചളികലർന്ന വെള്ളം നിറഞ്ഞതാണ് നില വഷളാക്കിയത്. വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കരോലിനും അപകടനില തരണം ചെയ്ത ഡ്രൈവർ അനിൽകുമാറും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
