ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു
text_fieldsമാർ ജേക്കബ് തൂങ്കുഴി
തൃശൂർ: മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനും തൃശൂർ അതിരൂപത മെത്രാപ്പോലീത്തയുമായിരുന്ന മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വിശ്രമജീവിതം നയിച്ചിരുന്ന തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിൽ ബുധനാഴ്ച ഉച്ചക്ക് 2.50ഓടെയാണ് അന്ത്യം. 2007 ജനുവരി 22ന് മെത്രാപ്പോലീത്ത സ്ഥാനത്തുനിന്ന് വിരമിച്ച ശേഷവും അജപാലന- സാമൂഹിക- സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു.
1930 ഡിസംബർ 13ന് പാലായിലെ വിളക്കുമാടത്ത് തൂങ്കുഴി കുര്യൻ-റോസ ദമ്പതികളുടെ മകനായാണ് ജനനം. പത്താം ക്ലാസ് പഠനത്തിന് ശേഷമാണ് ചങ്ങനാശ്ശേരിയിൽ വൈദിക പഠനം ആരംഭിച്ചത്. ചങ്ങനാശ്ശേരി സെമിനാരിയിൽ തിയോളജി പഠന കാലയളവിലാണ് തലശ്ശേരി രൂപത രൂപം കൊണ്ടത്. പുതിയ രൂപതയിലേക്കുള്ള ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ക്ഷണം സ്വീകരിച്ചു. അധികം വൈകാതെ റോമിലേക്ക് തുടർപഠനത്തിനായി അയക്കപ്പെട്ടു. റോമിൽ വെച്ച് 1956 ഡിസംബർ 22നാണ് പുരോഹിതനായി അഭിഷിക്തനായത്. പൗരോഹിത്യ സ്വീകരണത്തിനുശേഷം പിന്നീട് നാലുവർഷം കൂടി റോമിൽ പഠനം തുടരുകയും കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. തുടർന്ന് വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറിയും തലശ്ശേരി രൂപതയുടെ ചാൻസലറുമായി ചുമതലയേറ്റു. അതോടൊപ്പം തലശ്ശേരി രൂപതയിലെ കുണ്ടുതോട് ഇടവകയുടെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു.
1973 മേയ് ഒന്നിന് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ പ്രഥമ മെത്രാനായി അഭിഷിക്തനായത് മാർ ജേക്കബ് തൂങ്കുഴിയായിരുന്നു. 1977ൽ ക്രിസ്തുദാസി സന്യാസ സഭക്കും മാർ തൂങ്കുഴി തുടക്കം കുറിച്ചു. മാനന്തവാടി രൂപതയിലെ സേവനത്തിന് ശേഷം താമരശ്ശേരി രൂപതാധ്യക്ഷനായി. അവിടെ നിന്നും പിന്നീട് തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പായി അഭിഷിക്തനായി. 2007 ജനുവരി 22നാണ് തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്ത ചുമതലയിൽനിന്നും വിരമിച്ചത്. 2023 മേയ് ഒന്നിന് മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി ആഘോഷിച്ചിരുന്നു.
നിലവിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഞായറാഴ്ച ഉച്ചക്ക് 12.15ന് തൃശൂർ പുത്തൻപള്ളിയിൽ എത്തിക്കും. തുടർന്ന് 3.30ന് ലൂർദ് കത്തീഡ്രൽ ചർച്ചിലേക്ക് വിലാപയാത്ര നടക്കും. രാത്രി ഏഴിന് ദിവ്യബലി അർപ്പിക്കും. തിങ്കളാഴ്ച രാവിലെ 9.45ന് ലൂർദ് പള്ളിയിൽ കബറടക്ക ശുശ്രൂഷ ആരംഭിക്കും. തുടർന്ന് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. വൈകീട്ട് മൂന്നിന് കോഴിക്കോട് ഹോം ഓഫ് ലൗ കല്ലറയിൽ കബറടക്ക ശുശ്രൂഷ നടക്കും. വൈകീട്ട് നാലോടെ മൃതദേഹം കബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

