‘അവർക്ക് പേടിയുണ്ട്, തങ്ങളെ ആക്രമിച്ചതിനെ കുറിച്ച് അധികം പറയരുതെന്ന് പറഞ്ഞു; ഇന്ത്യയിൽ എല്ലാവർക്കും ഭയമില്ലാതെ ജീവിക്കാൻ കഴിയണം’ -മാർ ആൻഡ്രൂസ് താഴത്ത്
text_fieldsതൃശൂർ: രാജ്യത്ത് വൈദികർക്കും കന്യാസ്ത്രീകള്‍ക്കും നേരെ നടന്നത് ഭരണഘടനക്കെതിരായ ആക്രമണമാണെന്ന് സി.ബി.സി.ഐ അധ്യക്ഷന്‍ മാർ ആൻഡ്രൂസ് താഴത്ത്. ഇന്ത്യയിൽ എല്ലാവർക്കും ഭയമില്ലാതെ ജീവിക്കാൻ സാധിക്കണം, അതിനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കണം.
ക്രൈസ്തവർക്ക് നേരെ ആക്രമണം നടന്ന ജബൽപൂരിലും ഛത്തീസ്ഗഡിലും സന്ദർശിച്ചിരുന്നു. അവിടെ എല്ലാവരും പേടിച്ചിരിക്കുകയാണ്. തങ്ങളെ ആക്രമിച്ചതിനെ അധികം പറയരുതെന്ന് അവർ പേടിയോടെ പറഞ്ഞു. ആരോടും മിണ്ടരുതെന്നും ഇത് പുറത്തറിഞ്ഞാൽ കൂടുതൽ ആക്രമണമുണ്ടാകുമെന്നുമുള്ള ഭയത്തിന്റെ അന്തരീക്ഷമാണ് അവിടെ. ഈ സാഹചര്യം ഒഴിവാക്കേണ്ടത് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാണ് -അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഭരിക്കുന്ന പാർട്ടികളോട് മാത്രമല്ല, പ്രതിപക്ഷ നേതാക്കളോടും ഇടപെടാൻ സി.ബി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആര് ഭരിക്കുമ്പോഴും ഇത്തരം ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് സംഘ്പരിവാറിനെ പേരെടുത്ത് പറയാതെ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകൾ എല്ലാ മതത്തിലുമുണ്ട്. ഈയടുത്ത കാലത്ത് കൂടുതൽ ആക്രമണം നടക്കുന്നുണ്ട്. കന്യാസ്ത്രീകളും വൈദികരും രോഗികളെ സന്ദർശിക്കാൻ പോകുന്നതിനെയും സംസാരിക്കുന്നതിനെയും നിർബന്ധിത മതപരിവർത്തനം എന്ന് വ്യാഖ്യാനിച്ച് കേസെടുക്കുകയും ആക്രമിക്കുകയും ചെയ്യുകയാണ്. യഥാർത്ഥത്തിൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2000 വർഷം പഴക്കമുള്ള ക്രൈസ്തവ മതം ഇന്ത്യൻ മതം തന്നെയായി കണക്കാക്കണം. വിദേശ മതം എന്ന് പറഞ്ഞ് ആക്രമിക്കരുത് -അദ്ദേഹം പറഞ്ഞു.
'മതവിശ്വാസം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്. ഇന്ത്യയിൽ എല്ലാവർക്കും ഭയമില്ലാതെ ജീവിക്കാൻ സാധിക്കണം. ആ സാഹചര്യം ഒരുക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. ഭരിക്കുന്ന സർക്കാറിനാണ് അതിന്‍റെ ഉത്തരവാദിത്തം. കൃത്യമായ നടപടികൾ ഇല്ലാത്തത് കൂടുതൽ ആക്രമണങ്ങൾക്ക് വഴിയൊരുക്കുന്നു. നിർബന്ധിത മതപരിവർത്തനത്തെ സഭയും എതിർക്കുന്നു. നിർബന്ധിത മതപരിവർത്തനം ആണെന്ന് വ്യാഖ്യാനിച്ചു ആക്രമിക്കുന്നതിനെയാണ് എതിർക്കേണ്ടത്. ബാലസോർ രൂപത മെത്രാനുമായി സംസാരിച്ചിരുന്നു. കുർബാനയ്ക്കും ജൂബിലി ആഘോഷങ്ങൾക്കുമായാണ് വൈദികർ പോയത്. മതപരിവർത്തനം ആരോപിച്ചാണ് ആക്രമിച്ചത്. വൈദികരെ അക്രമികള്‍ അധിക്ഷേപിക്കുകയും ചെയ്തു. ന്യൂനപക്ഷ ആക്രമണങ്ങൾക്കെതിരെ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നടപടി എടുക്കണം’ -അദ്ദേഹം പറഞ്ഞു.
ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ചതിന് പിന്നാലെ ഒഡീഷയിലെ ജലേശ്വറിലും കഴിഞ്ഞദിവസം വൈദികര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. മതപരിവർത്തനം ആരോപിച്ചാണ് 70 പേർ അടങ്ങുന്ന സംഘം തങ്ങളെ ആക്രമിച്ചതെന്ന് മലയാളി വൈദികൻ ലിജോ നിരപ്പേൽ പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പ് മരിച്ച പ്രാദേശിക ക്രിസ്ത്യന്‍ മതവിശ്വാസിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

