കൊച്ചി: വോട്ടുയന്ത്രം തകരാറിലായതിനെത്തുടർന്ന് കൈയിൽ മഷി പുരട്ടി അകത്ത് കയറിയിട ്ടും വോട്ട് ചെയ്യാനാകാതെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മടങ്ങി. എറണാകുളം സെൻറ് മേരീസ് എൽ.പി സ്കൂളിലെ 82ാം നമ്പര്‍ ബൂത്തിൽ വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹം എത്തിയിരുന്നു. ബൂത്ത് ഏജൻറുമാർ വോട്ട് ചെയ്തുമാറിയശേഷം പ്രവേശിച്ചത് കർദിനാളായിരുന്നു. ഈ സമയത്താണ് യന്ത്രത്തകരാർ ശ്രദ്ധയിൽപെട്ടത്. ഉദ്യോഗസ്ഥന് പലവട്ടം ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാനായില്ല.
ഇതോടെ, മറ്റൊരു യന്ത്രം എത്തിക്കാനായി ശ്രമം. 15 മിനിറ്റിനുശേഷം എത്തിച്ചെങ്കിലും അതും ഫലം കണ്ടില്ല. ഇതോടെ വിവിപാറ്റ് ഉള്‍പ്പെടെ മുഴുവന്‍ യൂനിറ്റും മാറ്റിസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. പുതിയ യൂനിറ്റ് ഉപകരണങ്ങള്‍ എത്തിക്കുമ്പോള്‍ ഒരു മണിക്കൂറിലേറെയായി കര്‍ദിനാള്‍ മുറിയില്‍ കാത്തിരിക്കുകയായിരുന്നു. തുടർന്ന്, അദ്ദേഹം എട്ടരയോടെ വോട്ടുചെയ്യാതെ മടങ്ങി.