തലശ്ശേരി: റിമാൻഡിൽ കഴിയുന്ന മാവോവാദി നേതാക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. അന്വേഷണ ഉദ്യോഗസ്ഥൻ തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ നൽകിയ ഹരജി പരിഗണിച്ചാണിത്. കണ്ണൂർ ജില്ലയിലെ കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായ മാവോവാദി പശ്ചിമഘട്ട മേഖല സെക്രട്ടറിയുടെ ചുമതലയുള്ള കേന്ദ്രകമ്മിറ്റി അംഗം കർണാടക ശൃംഗേരി നെന്മാരു എസ്റ്റേറ്റിലെ ബി.ജി. കൃഷ്ണമൂർത്തി (വിജയ്-47), സായുധസേന കബനീദളം അംഗം ചിക്മഗളൂരു ജെറേമന ഹള്ളുവള്ളിയിലെ സാവിത്രി (രജിത-33) എന്നിവരെയാണ് കസ്റ്റഡിയിൽ നൽകിയത്.
ഒളിവിലുള്ള മാവോവാദികളെക്കുറിച്ചുള്ള വിവരം ശേഖരിക്കാനും ആയുധം കണ്ടെത്താനും തെളിവെടുപ്പിനുമായാണ് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.തൃശൂർ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇരുവരെയും തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. കൃഷ്ണമൂർത്തിയെ ഏഴുദിവസത്തേക്കും സാവിത്രിയെ മൂന്ന് ദിവസത്തേക്കുമാണ് കസ്റ്റഡിയിൽ നൽകിയത്. ചോദ്യം ചെയ്യലിനുശേഷം നവംബർ 18, 22 തീയതികളിലായി ഇവരെ കോടതിയിൽ ഹാജരാക്കണം. തിങ്കളാഴ്ച തലശ്ശേരിയിലെത്തിച്ച ഇരുവരെയും ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി. കനത്ത പൊലീസ് അകമ്പടിയിലാണ് മാവോവാദി നേതാക്കളെ കോടതിയിൽ ഹാജരാക്കിയത്. ഇവരുടെ യാത്രാമധ്യേയും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
ജയിലിലും യാത്രയിലും ബുദ്ധിമുട്ടുകൾ വല്ലതുമുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ, പ്രയാസങ്ങൾ ഒന്നുമില്ലെന്നാണ് കൃഷ്ണമൂർത്തിയും സാവിത്രിയും പറഞ്ഞത്. കോടതി നടപടികൾക്കുശേഷം വൈകീട്ട് ചോദ്യം ചെയ്യാനായി അന്വേഷണസംഘം കൊണ്ടുപോയി.
കേരള-കർണാടക അതിർത്തിയിൽവെച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ പിടിയിലായത്. കണ്ണൂർ ജില്ലയിലെ ആറളം, കരിക്കോട്ടക്കരി പൊലീസ് കേസുകളിൽ പ്രതികളാണിവർ.
ഇരിട്ടി അയ്യൻകുന്ന് ഉരുപ്പുംകുറ്റിയിലെ വീടുകളിൽ 2017 മാർച്ച് 20ന് രാത്രി 7.30 മണിക്ക് അതിക്രമിച്ചുകയറി തോക്കുചൂണ്ടി അരിയും സാധനങ്ങളും വാങ്ങുകയും മാവോവാദി ലഘുലേഖ വിതരണം ചെയ്തുവെന്നുമുള്ള കേസിലാണ് കൃഷ്ണമൂർത്തിയുടെ അറസ്റ്റ്.
ആറളം ഫാം ബ്ലോക്ക് 13ലെ സുരേഷ് ബാബുവിെൻറ വീട്ടിൽ 2020 ഫെബ്രുവരി 24ന് രാത്രി എട്ടുമണിയോടെ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി അരിയും പച്ചക്കറിയും എടുത്തുകൊണ്ടുപോയ കേസിലെ നാലാം പ്രതിയാണ് പിടിയിലായ സാവിത്രി.