മാവോവാദി രൂപേഷിന്‍റെ നോവൽ പ്രസിദ്ധീകരിക്കാനാവില്ലെന്ന തീരുമാനം സർക്കാർ തിരുത്തണം -അൻവർ അലി
text_fieldsതൃശൂർ: മാവോവാദി നേതാവ് രൂപേഷ് ജയിലിൽ വെച്ച് എഴുതിയ നോവൽ പ്രസിദ്ധീകരിക്കാനാവില്ലെന്ന തീരുമാനം സർക്കാർ തിരുത്തണമെന്ന് കവി അൻവർ അലി. സാഹിത്യ അക്കാദമിയൽ ആവിഷ്കാര സ്വാതന്ത്ര്യ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയിലിലെ തടവുകാരുടെ അവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാവോവാദികളുടെ പ്രവർത്തനത്തെ പിന്തണക്കുന്ന ഒരാളല്ല താൻ. എന്നാൽ, ചിന്തിക്കാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യം എല്ലാ കാലത്തും ഉണ്ടായിരുന്നു. അർബൻ മാവോവാദി എന്ന വാക്കിന് വലിയ പഴക്കമുണ്ട്. രൂപേഷ് ജയിലിൽ വെച്ച് എഴുതിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയുന്നത് അടിസ്ഥാനപരമായി മനുഷ്യാവകാശ പ്രശ്നമാണ്. രൂപേഷിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെന്നും അൻവർ അലി പറഞ്ഞു.
സംസ്ഥാനത്ത് ആരെയും ഭയക്കാതെ ജനങ്ങൾക്ക് പരസ്പരം സംസാരിക്കാൻ തയാറകണം. കഴിഞ്ഞ 10 വർഷമായി കേരളത്തിൽ ഇടതു ഭരണമാണ്. എന്നാൽ, വേടന്റെ അനുഭവം എന്താണ്. വേടൻ മിടുക്കാനായ കുട്ടിയാണ്. കേരളത്തിൽ വേടനെപ്പോലുള്ള കുട്ടികൾ കുറവാണ്. പാട്ടിലൂടെ നവരാഷടീയബോധമാണ് വേടൻ പ്രകടിപ്പിച്ചത്. അടിസ്ഥാനപരമായി വിമർശനം ഉയർത്തുന്നത് ദലിത് രാഷ്ടീയമാണ്.
ചെറിയ കുട്ടികളുടെ രചനകളിൽ ആദിവാസി എഴുത്ത് വരുകയാണ്. അത് സാഹിത്യത്തിൽ ഒഴിവാക്കാനാവില്ല. ഇതെല്ലാം ആദ്യകാലത്ത് ചെറുവിഭാഗത്തെയാണ് സ്വാധീനിച്ചത്. എന്നാൽ, നാട്ടിൻപുറത്തെ അമ്പലത്തിൽ വലിയ ആൾക്കൂട്ടമാണ് വേടൻ സൃഷ്ടിച്ചത്. മുഖ്യധാര ഇടതുപക്ഷ രാഷ്ട്രീയ നേതാക്കൾ ആൾക്കുട്ടം കണ്ടിട്ടാണ് വേടന് അനുകൂല നിലപാട് എടുത്തത്. ഞാൻ പുലയൻ അല്ല, പറയൻ അല്ല, നിങ്ങൾ തമ്പ്രാനുമല്ലെന്ന് പറയാൻ വേടാൻ തയാറായി.
മറാത്തി ദലിത് കവിതയിൽ ബദൽ പദങ്ങൾ ഉപയോഗിച്ചു. ദലിത് സാഹിത്യം അവിടെ വലിയ പ്രസ്ഥാനമായി. മലയാളത്തിൽ വലിയ പുളിമരങ്ങൾക്ക് കീഴെ ചെറിയ മരങ്ങൾ വളരില്ലെന്നായിരുന്നു സങ്കൽപ്പം. എന്നാൽ, ഇപ്പോൾ മലയാളത്തിലും വൻമരങ്ങൾക്ക് കീഴിൽ സബാൾട്ടേൻ വളർന്ന് വരുകയാണ്.
ചെറുപ്പക്കാരുടെ സംശയങ്ങൾ പുതിയ നറേറ്റീവ് ആണെന്നും അൻവർ അലി പറഞ്ഞു. സ്റ്റാൻ സ്വാമി ജയിലിൽ കിടക്കുമ്പോൾ എഴുതിയ കവിതയും അൻവർ അലി ചൊല്ലി. പ്രമോദ് പുഴക്കര, അഡ്വ. പി.എ. പൗരൻ, അഡ്വ. പി.ജെ മാന്വൽ, മുരളി കണ്ണമ്പള്ളി തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

