മാവോവാദി രൂപേഷ് ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 11 വർഷത്തിനുശേഷം
text_fieldsതൃശൂർ: 11 വർഷം നീണ്ട തടവുജീവിതത്തിനൊടുവിൽ മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയിൽ മോചിതനായി. ചൊവ്വാഴ്ച അഞ്ചോടെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ശേഷിച്ചിരുന്ന കേസിൽ കോടതി ജാമ്യം അനുവദിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്. രൂപേഷിനെ സ്വീകരിക്കാൻ ഭാര്യ ഷൈന ഉൾപ്പെടെ എത്തിയിരുന്നു.
സി.പി.ഐ (എം.എൽ) പ്രവർത്തനങ്ങളിലൂടെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിലെത്തിയ രൂപേഷിനെ 2015 മേയ് നാലിനാണ് തമിഴ്നാട്ടിലെ കരുമത്താംപട്ടിയിൽ പൊലീസ് പിടികൂടിയത്. അന്ന് അറസ്റ്റിലായ പലരും മോചിതരായെങ്കിലും രൂപേഷിന്റെ ജയിൽവാസം നീളുകയായിരുന്നു.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 43 യു.എ.പി.എ കേസുകളാണ് ചുമത്തിയിരുന്നത്. ഇതിൽ പതിനഞ്ചോളം കേസുകളിലെ നടപടിക്രമങ്ങൾ അവസാനിച്ചു. യു.എ.പി.എ ചുമത്തിയതിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പല കേസുകളിൽ നിന്നും കോടതി രൂപേഷിനെ വിടുതൽ ചെയ്തത്. കർണാടകയിലുണ്ടായിരുന്ന ഏക കേസിൽ വെറുതെ വിട്ടിരുന്നു. 11 വർഷത്തെ ജയിൽവാസത്തിനിടെ എട്ടു വർഷത്തിലധികവും വിചാരണ തടവുകാരനായിരുന്നു. മകളുടെ വിവാഹം, പിതാവിന്റെ മരണം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ മണിക്കൂറുകൾ മാത്രം നീളുന്ന പൊലീസ് അകമ്പടിയോട് കൂടിയ സന്ദർശനമല്ലാതെ പരോളോ ജാമ്യമോ അനുവദിച്ചിരുന്നില്ല.
മിക്ക കേസുകളിലും ജാമ്യം ലഭിച്ചിട്ടും അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ജാമ്യവ്യവസ്ഥകൾ ചുമത്തിയെന്ന് ഭാര്യ ഷൈന ആരോപിച്ചിരുന്നു. പുതിയ കേസുകൾ രജിസ്റ്റർ ചെയ്ത് അനന്തമായി തടവിലിടാൻ ഭരണകൂട ഗൂഢാലോചന നടക്കുന്നതായി അവർ കുറ്റപ്പെടുത്തിയിരുന്നു. ജയിലിൽ വെച്ചെഴുതിയ പുസ്തകത്തിന് പ്രസിദ്ധീകരണ അനുമതിയും നിഷേധിച്ചു.
‘ബന്ധിതരുടെ ഓർമക്കുറിപ്പുകൾ’ എന്ന രണ്ടാമത്തെ നോവലിൽ ജയിൽ, യു.എ.പി.എ നിയമം, കോടതി തുടങ്ങിയവയെക്കുറിച്ച പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതിനെതിരെ രൂപേഷ് ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു. ഒളിവിൽ കഴിഞ്ഞ കാലത്ത് എഴുതിയ നോവൽ ‘വസന്തത്തിലെ പൂമരങ്ങൾ’ ഗ്രീൻ ബുക്സും ‘മാവോയിസ്റ്റ്’ നോവൽ ഡി.സി ബുക്സും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

