മാവോവാദി സി.പി. ജലീലിന്റെ മരണം: കുടുംബം സമരത്തിലേക്ക്
text_fieldsകല്‍പറ്റ: വയനാട് ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ മാവോവാദി സി.പി. ജലീല്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചിട്ട് നാലുവർഷമാകുമ്പോൾ കുടുംബം നീതിതേടി സമരത്തിലേക്ക്. മാർച്ച് മൂന്നാം വാരത്തോടെ കലക്ടറേറ്റ് പടിക്കല്‍ സമരം ആരംഭിക്കാനാണ് തീരുമാനമെന്ന് ജലീലിന്റെ സഹോദരൻ സി.പി. റഷീദ് പറഞ്ഞു. നാലാം വാർഷികത്തിന്റെ ഭാഗമായി ഞായറാഴ്ച ജലീലിന്റെ നാടായ മലപ്പുറം പാണ്ടിക്കാട് അനുസ്മരണ സമ്മേളനം നടക്കും. ‘വ്യാജ ഏറ്റുമുട്ടൽ കൊലകളും നിയമവാഴ്ചയും’ എന്ന വിഷയത്തിൽ സിമ്പോസിയവും അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ടെന്ന് റഷീദ് വ്യക്തമാക്കി.
2019 മാര്‍ച്ച് ആറിനു രാത്രിയിലായിരുന്നു റിസോര്‍ട്ട് വളപ്പില്‍ ജലീലിന്റെ (34) മരണത്തിനിടയാക്കിയ വെടിവെപ്പ്. വെടിവെപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
ഫോറന്‍സിക് പരിശോധനാഫലം പരിശോധിക്കാതെ തയാറാക്കിയ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ജലീലിന്റെ സഹോദരന്‍ ഒരു വര്‍ഷം മുമ്പ് ജില്ല സെഷന്‍സ് കോടതിയില്‍ നല്‍കിയ കേസും തീര്‍പ്പായില്ല. കേസില്‍ കോടതി ആവശ്യപ്പെട്ട വിശദീകരണം വയനാട് ജില്ല കലക്ടര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നീതിതേടി പ്രത്യക്ഷ സമരം ആരംഭിക്കാൻ ജലീലിന്റെ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒരുങ്ങുന്നത്. അന്വേഷണത്തിൽ സർക്കാർ പാലിക്കേണ്ട സുപ്രീംകോടതി നിർദേശങ്ങൾ ഒന്നുംതന്നെ പാലിക്കപ്പെട്ടില്ലെന്നും സർക്കാറും പൊലീസും ചേർന്ന് അതെല്ലാം നഗ്മായി ലംഘിക്കുകയായിരുന്നുവെന്നുമാണ് ആരോപണം.
വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോവാദികളെ തേടി എത്തിയ വൈത്തിരി സി.ഐക്കും സംഘത്തിനും നേരെ മാവോവാദികൾ വെടിയുതിർത്തെന്നും തുടർന്ന് ആത്മരക്ഷാർഥം പൊലീസ് വെടിവെച്ചപ്പോൾ മാവോവാദി കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് വാദം. ഇത് ഫോറൻസിക് പരിശോധനയിൽ പൊളിഞ്ഞുവെന്ന് കുടുംബം വ്യക്തമാക്കുന്നു. ജലീലിന്റെ കൈവശമുണ്ടായിരുന്നതായി പൊലീസ് പറയുന്ന തോക്കില്‍നിന്നു നിറയൊഴിച്ചിട്ടില്ലെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്.
2019 മാര്‍ച്ച് 11നു സര്‍ക്കാര്‍ ഉത്തരവിട്ടത് അനുസരിച്ചാണ് മജിസ്റ്റീരിയില്‍ അന്വേഷണം നടന്നത്. അന്നത്തെ വയനാട് ജില്ല കലക്ടര്‍ എ.ആര്‍. അജയകുമാറിനായിരുന്നു അന്വേഷണച്ചുമതല. ഫോറന്‍സിക് പരിശോധനാഫലം പരിശോധിക്കാതെയാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് വാദം ശരിവെക്കുന്ന വിധത്തിലായിരുന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. റിസോര്‍ട്ട് വളപ്പില്‍ പൊലീസ് മാവോവാദികള്‍ക്കുനേരേ നിറയൊഴിച്ചത് ആത്മരക്ഷാര്‍ഥമാണെന്നാണ് അന്നത്തെ ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ മാധ്യമങ്ങളെ അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

