മാവോവാദി കേസ്: രൂപേഷിന് ഇൻറർനെറ്റ് ഉപയോഗിക്കാൻ അനുമതി
text_fieldsകൊച്ചി: മാവോവാദി കേസിൽ ജയിലിൽ കഴിയുന്ന രൂപേഷിന് ഇൻറർനെറ്റ് ഉപയോഗിക്കാൻ കോടതിയുടെ അനുമതി. തെൻറ കേസുകളുടെ ആവശ്യത്തിന് സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും വെബ്സൈറ്റ് നോക്കാനും വിധിന്യായങ്ങൾ പരിശോധിക്കാനും നിയന്ത്രിത രീതിയിൽ ഇൻറർനെറ്റ് ഉപയോഗിക്കാനാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി അനുമതി നൽകിയത്.
ആഴ്ചയിൽ 45 മിനിറ്റ് കോടതി വിവരങ്ങളും നിയമപുസ്തകങ്ങളും ഇൻറർനെറ്റിൽ പരിശോധിക്കാം. വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ കഴിയുന്ന രൂപേഷ് രാജ്യത്തെ വിവിധ കോടതികളിലായി 39 കേസിലാണ് വിചാരണ നേരിടുന്നത്. അധിക കേസുകളിലും അഭിഭാഷകനില്ലാതെ സ്വയം വാദിക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് കോടതി വിവരങ്ങൾ അറിയാനും ലോ ജേണലുകളും വിധിന്യായങ്ങളും പരിശോധിക്കാനും ഇൻറർനെറ്റ് സൗകര്യം തേടി കോടതിയെ സമീപിച്ചത്.
കുറഞ്ഞ രീതിയിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് എൻ.ഐ.എ വ്യക്തമാക്കിയെങ്കിലും വിയ്യൂർ ജയിൽ അധികൃതർ ഇതിനെ എതിർത്തു. രൂപേഷിന് ഈ സൗകര്യം നൽകുന്നത് ഭാവിയിൽ മറ്റുപ്രതികൾക്കും ഇൻറർനെറ്റ് സൗകര്യം നൽകേണ്ട സാഹചര്യം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിൽ അധികൃതർ ഇതിനെ എതിർത്തത്.
എന്നാൽ, കോടതി പിന്നീട് ഇരുഭാഗം വാദവും കേട്ട ശേഷം നിയന്ത്രിതമായി ഇൻറർനെറ്റ് ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു.