ആന്ധ്രയിൽ അറസ്റ്റിലായ മാവോവാദിയെ കേളകത്തെത്തിച്ച് തെളിവെടുത്തു
text_fieldsകേളകം: ആന്ധ്രയിൽ അറസ്റ്റിലായ മാവോവാദി ചൈതന്യ എന്ന സൂര്യയെ കേളകം പൊലീസ് സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇരിട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കനത്ത സുരക്ഷയിൽ കേളകം സ്റ്റേഷനിൽ എത്തിച്ച് തെളിവെടുത്തത്.
കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മാസങ്ങൾക്കുമുമ്പ് പോസ്റ്റർ പതിക്കുകയും സായുധ പ്രകടനം നടത്തുകയും ചെയ്ത സംഭവത്തിൽ മാവോവാദികൾക്കെതിരെ കേളകം പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു.
ഈ സംഘത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നയാളാണ് സൂര്യ. ആന്ധ്രയിൽ അറസ്റ്റിലായ സൂര്യയെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് വിവിധ സ്റ്റേഷനുകളിലുൾപ്പെട്ട കേസുകളിലെ അന്വേഷണം നടത്തുന്നത്.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.

