നറുക്ക് തുണച്ചവർ ഏറെ; ടോസിലൂടെ ശബരിമല വാർഡിൽ എൽ.ഡി.എഫ് സിറ്റിങ് സീറ്റിൽ ബി.ജെ.പി മൂന്നാമത്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വമ്പൻ മാർജിനിൽ വിജയം വരിച്ച് അദ്ഭുതമായവരും നേരിയ വിജയവുമായി കടന്നുകൂടിയവരുമായി പലരും ഇത്തവണ ശ്രദ്ധിക്കപ്പെട്ടപ്പോൾ തുല്യ വോട്ട് നേടി ടോസിന്റെ ഭാഗ്യത്തിൽ കടന്നുകൂടിയവരുമുണ്ട്.
പത്തനംതിട്ടയിലെ സീതത്തോട് പഞ്ചായത്തിലെ നാലാം വാർഡായ ആങ്ങാമൂഴിയിൽ നറുക്കടുപ്പിൽ യു.ഡി.എഫിലെ രാജു കലപ്പമണ്ണിൽ വിജയിച്ചു. എൽ.ഡി.എഫിലെ അനൂപ് സോമനും രാജുവിനും 393 വോട്ട് വീതമാണ് ലഭിച്ചത്. റാന്നി പെരുനാട്ടിൽ ഒമ്പതാം വാർഡായ ശബരിമലയിൽ എൽ.ഡി.എഫിലെ പി.എസ്.ഉത്തമനെയാണ് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത്. യു.ഡി.എഫിലെ അമ്പിളി സുജനും ഉത്തമനുമാണ് തുല്യ വോട്ട് കിട്ടിയത്.
തൃക്കാക്കര നഗരസഭയിലെ കളത്തിക്കുഴിവാർഡിൽ നറുക്കെടുപ്പിൽ ഇടതു സ്ഥാനാർഥിക്ക് ജയം. ജയചന്ദ്രൻ, യു.ഡി.എഫിലെ റഫീഖ് പൂതേലി എന്നിവർക്കാണ് തുല്യ വോട്ട് വന്നത്.
കോഴിക്കോട് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ ചേരിപ്പോയിലിൽ തുല്യവോട്ടിനെ തുടർന്ന് നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി ആർ.ജെ.ഡിയിലെ പുഷ്പയും യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ഉഷ ടീച്ചറും 582 വോട്ടുകൾ വീതം നേടി തുല്യത പാലിച്ചു. ഇരു സ്ഥാനാർഥികൾക്കും തുല്യമായ വോട്ട് ലഭിച്ച സാഹചര്യത്തിൽ വിജയിയെ തീരുമാനിക്കാൻ നടത്തിയ നറുക്കെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ ഒതയോത്ത് പുഷ്പയെ വിജയിയായി പ്രഖ്യാപിച്ചു.
എരുമേലി: ഗ്രാമപഞ്ചായത്ത് മൂക്കൻപെട്ടി വാർഡിൽ എൽ.ഡി.എഫ് - എൻ.ഡി.എ സമനിലയെ തുടർന്ന് നറുക്കെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി വിജയിച്ചു. പി.എസ് സുരണ്യയാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ദീപ ശങ്കറിനും, സുരണ്യക്കും 414 വോട്ട് വീതമാണ് ലഭിച്ചത്. തുടർന്നായിരുന്നു നറുക്കെടുപ്പ്.
പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൻ.ഡി.എ സ്ഥാനാർഥിക്ക് വിജയം. പഞ്ചായത്തിലെ ഏഴാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി മൈക്കിൾ മാത്യുവിനും, എൻ.ഡി.എ സ്ഥാനാർഥി എം.കെ. സുമക്കും 241 വോട്ടുകൾ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പിൽ സുമയെയാണ് ഭാഗ്യം തുണച്ചത്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഒരു വോട്ടായിരുന്നു ഇവരേക്കാൾ കുറവ്. സി.പി.എം വിമതനാണ് എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വിനയായത്.
കോട്ടയം കുറിച്ചി ഗ്രാമപഞ്ചായത്തിലെ മന്ദിരം വാർഡിൽ വിജയിയെ പ്രഖ്യാപിച്ചത് നറുക്കെടുപ്പിലൂടെ. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ അനിയൻ കുഞ്ഞ് തൈത്തറയാണ് ജേതാവായത്. അനിയൻ കുഞ്ഞിനും കോൺഗ്രസ് സ്ഥാനാർഥി രാജൻ ചാക്കോക്കും കിട്ടിയത് 334 വോട്ട്. തുടർന്നാണ് നറുക്കെടുപ്പിൽ അനിയൻ കുഞ്ഞിന് ‘ലോട്ടറി’ അടിച്ചത്.
എറണാകുളം കല്ലൂർക്കാട് പഞ്ചായത്ത് 11ാം വാർഡിൽ ഇരുസ്ഥാനാർഥികളും ഒപ്പത്തിനൊപ്പം എത്തിയതോടെ നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽനിന്ന് മാണി ഗ്രൂപ്പിൽ എത്തിയ മുൻ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജോസ് അഗസ്റ്റിനാണ് നറുക്കെടുപ്പിലൂടെ ജയിച്ചത്. എതിർസ്ഥാനാർഥി കേരള കോൺഗ്രസിലെ ജയിംസ് പൈക്കാട്ടിനും ജോസ് അഗസ്റ്റിനും 219 വോട്ടാണ് ലഭിച്ചത്. തുടർന്ന് നറുക്കിടുകയായിരുന്നു. എൻ.ഡി.എ സ്ഥാനാർഥി അനിൽകുമാറിന് 58 വോട്ട് കിട്ടി.
2015ലെ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് ജോസ് അഗസ്റ്റിൻ ഈ വാർഡിൽ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വാർഡ് ഉൾപ്പെടുന്ന ഡിവിഷനിൽനിന്ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ടോസിലൂടെ ശബരിമല വാർഡിൽ എൽ.ഡി.എഫ് സിറ്റിങ് സീറ്റിൽ ബി.ജെ.പി മൂന്നാമത്
പത്തനംതിട്ട: ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽ.ഡി.എഫിന് വിജയം. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ട് ലഭിച്ചതോടെ ടോസിലൂടെയാണ് ഇവിടെ വിജയിയെ നിശ്ചയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സി.പി.എമ്മിലെ പി.എസ്. ഉത്തമനും കോൺഗ്രസിന്റെ അമ്പിളി സുജസിനും 268 വോട്ട് വീതമാണ് ലഭിച്ചത്. സിറ്റിങ് സീറ്റായിരുന്ന ഇവിടെ ബി.ജെ.പി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബി.ജെ.പി സ്ഥാനാർഥി രാജേഷിന് 232 വോട്ടുകളാണ് ലഭിച്ചത്. പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിനാണ്. എൽ.ഡി.എഫ്-10, യു.ഡി.എഫ്-മൂന്ന്, എൻ.ഡി.എ- മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

