‘പാതിവിലക്ക്’ പിന്നാലെ ആത്മീയ തട്ടിപ്പും; കോടികൾ തട്ടി, നിരവധി പേർ കുടുങ്ങി
text_fieldsകണ്ണൂർ: ഓൺലൈൻ ആത്മീയ ക്ലാസുകളിൽ പങ്കെടുത്താൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് പറഞ്ഞ് തട്ടിപ്പ്. ഇത് വിശ്വസിച്ച് പണം നഷ്ടപ്പെട്ടത് നിരവധി പേർക്ക്. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി മലയാളികളടക്കം നിരവധിപേർ ആത്മീയ തട്ടിപ്പിനിരയായി. കണ്ണൂർ മമ്പറം സ്വദേശി പ്രശാന്ത് മാറോളിയുടെ പരാതിയിൽ ഡോക്ടർമാരുൾപ്പെടെ ആറുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ഡോ. അഷറഫ്, ഡോ. അഭിന്ദ് കാഞ്ഞങ്ങാട്, കെ.എസ്. പണിക്കർ, അനിരുദ്ധൻ, വിനോദ്കുമാർ, സനൽ എന്നിവരാണ് പ്രതികൾ. ഇവരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിൽ ആത്മീയ ക്ലാസുകൾ നടത്തി പണം തട്ടിയതായി സൂചനയുണ്ട്. പ്രപഞ്ചോർജത്തെ ഫലപ്രദമായി ഉപയോഗിച്ച് സർവോന്മുഖമായ നേട്ടം ആത്മീയകാര്യങ്ങളിൽകൂടി കൈവരിക്കുമെന്ന് യൂട്യൂബിൽ പരസ്യം നൽകിയാണ് തട്ടിപ്പ്.
സാമ്പത്തിക-വിദ്യാഭ്യാസ ഉന്നതി, ജോലി ഉയർച്ച, സന്താനഭാഗ്യം തുടങ്ങിയവ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ക്ലാസുകൾ. ഒന്നാം പ്രതി ഡോ. അഷറഫ് എന്ന ഹിമാലയൻ ഗുരു അഷറഫ് ബാബയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഗുരുദക്ഷിണയായി 14,000 രൂപയാണ് വാങ്ങുക. ഗുരുവിന്റെ അനുഗ്രഹത്തിനായി ആയിരമോ പതിനായിരമോ ലക്ഷമോ നൽകാം. ഇതിനായി 1,000 പേരടങ്ങുന്ന വാട്സ്ആപ് കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട്. നേട്ടം ലഭിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ അനുഭവങ്ങളും വിവരങ്ങളും മറ്റുള്ളവരുടെ വിശ്വാസം നേടാനായി ഗ്രൂപ്പിൽ പങ്കുവെക്കും.
വമ്പന്മാരടക്കം ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ട്. ആത്മീയ ക്ലാസുകൾക്കൊപ്പം ടൂർ പ്രോഗ്രാമും നടത്തിയിരുന്നു. കണ്ണൂരിൽ മാത്രം 13 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് പറഞ്ഞു. പണം നൽകി കുറേ നാളുകൾക്ക് ശേഷവും യാതൊരു പുരോഗതിയും ഇല്ലാതായതോടെയാണ് പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൂടുതൽ പരാതികൾ വരും ദിവസങ്ങളിൽ വരുമെന്നാണ് പൊലീസ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

