ഉപകരണത്തിന് തുടർച്ചയായ തകരാർ ഉണ്ടെങ്കിൽ നിർമാണ വൈകല്യം തന്നെ -ഉപഭോക്തൃ കോടതി
text_fieldsകൊച്ചി: വാങ്ങിയതു മുതൽ ഇലക്ട്രോണിക് ഉപകരണം തകരാറിലാകുകയും പിന്നീട് ഉപയോഗശൂന്യമാകുകയും ചെയ്താൽ അത് നിർമാണ വൈകല്യമായി അനുമാനിക്കാമെന്ന് എറണാകുളം ജില്ല ഉപഭോക്തൃകോടതി. തുടർച്ചയായി തകരാറിലായ ലാപ്ടോപ് മാറ്റി പുതിയത് നൽകുകയോ വില പലിശസഹിതം ഉപഭോക്താവിന് തിരിച്ചുനൽകുകയോ ചെയ്യാൻ എതിർകക്ഷികൾക്ക് നിർദേശം നൽകി.
കൂടാതെ, 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതിച്ചെലവും ഒരു മാസത്തിനകം നൽകണമെന്നും ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
നെട്ടൂർ സ്വദേശിയായ ദിലീപ് ബി. മേനോൻ എച്ച്.പി ഇന്ത്യക്കെതിരെ നൽകിയ പരാതിയിലാണ് ഈ വിധി. 32,823 രൂപക്കാണ് ദിലീപ് ലാപ്ടോപ് വാങ്ങിയത്. അന്നു മുതൽ തകരാർ തുടങ്ങി. തകരാർ പരിഹരിക്കാൻ പലതവണ എതിർ കക്ഷികളെ പരാതിക്കാരൻ സമീപിച്ചെങ്കിലും ശാശ്വതമായി പരിഹരിക്കപ്പെട്ടില്ല. ലാപ് ടോപ്പിലുണ്ടായിരുന്ന ഡേറ്റ നഷ്ടപ്പെടുകയും ചെയ്തു.
വാറന്റി കാലയളവിനുള്ളിൽതന്നെ തകരാറിലാകുകയും തുടർച്ചയായി റിപ്പയറിങ് വേണ്ടിവരുകയും ചെയ്ത സാഹചര്യത്തിൽ വിദഗ്ധ പരിശോധന ഇല്ലാതെതന്നെ ലാപ്ടോപ്പിന് നിർമാണ വൈകല്യമുണ്ടെന്ന് അനുമാനിക്കാമെന്ന് കമീഷൻ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

