കൊലപാതകം മോഷണത്തിന്; സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകമായി
text_fieldsതിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊന്ന് കിണറ്റിലെറിഞ്ഞത് മാല മോഷ്ടിക്കാനായിരുന്നെന്നാണ് നിഗമനമെന്ന് സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ.
പ്രതിയാണെന്ന് സംശയിക്കുന്ന ആളെക്കുറിച്ച് ആദ്യം തന്നെ സൂചന ലഭിച്ചതും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകമായി. പ്രതിയായ ആദം അലി മുമ്പ് ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നോയെന്ന കാര്യവും പരിശോധിക്കുകയാണ്. പ്രതി ഒറ്റക്കാണ് കൃത്യം നിർവഹിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്കൊപ്പം താമസിച്ചിരുന്ന അഞ്ച് ബംഗാൾ സ്വദേശികൾക്ക് ഇതിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ വെവ്വേറെ ചോദ്യം ചെയ്തുവരികയാണെന്നും കമീഷണർ പറഞ്ഞു. കൊല്ലപ്പെട്ട മനോരമയുടെ വീടിനുസമീപമാണ് പ്രതിയും താമസിച്ചിരുന്നത്. ഇവിടെയെത്തി കുടിവെള്ളം വാങ്ങാറുണ്ടായിരുന്നു. ഇതുവഴിയുള്ള പരിചയം കൊലപാതകം നടത്താൻ പ്രതിക്ക് സഹായകമായി. വീടിനു പുറത്തുവെച്ചാണ് കൊലപാതകം നടന്നതെന്നാണ് വ്യക്തമാകുന്നത്. കഴുത്തിൽ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമന്ന് അടുത്തുള്ള മറ്റൊരു വീടിനു സമീപത്തെ കിണറ്റിൽ കൊണ്ടിടുകയായിരുന്നു. മൃതദേഹം പൊങ്ങാതിരിക്കാനാണ് കാലിൽ കല്ലുകെട്ടിയിട്ടത്. മനോരമയുടെ ആറു പവനോളം നഷ്ടപ്പെട്ടിട്ടുണ്ട്.
അതിനുവേണ്ടിയായിരുന്നു കൊലപാതകമെന്നാണ് നിഗമനം. ഈ സ്വർണം കണ്ടെടുക്കാനായിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സ്വർണവും കൊല നടത്താനുപയോഗിച്ച കത്തിയും കണ്ടെത്താനുള്ള തെളിവെടുപ്പ് നടത്തുമെന്നും കമീഷണർ പറഞ്ഞു.
അതേസമയം, പ്രതിയായ ആദം അലിയെ(21) ചൈന്നെയിൽനിന്ന് തിരുവനന്തപുരത്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

