ഹിറ്റായി മനോജിന്റെ വിരമിക്കൽ ഗാനം
text_fieldsമനോജ്
പാലക്കാട്: സുഹൃത്തിന്റെ യാത്രയയപ്പ് ചടങ്ങിനായി തയാറാക്കിയ ഗാനം വിരമിക്കുന്നവരുടെ ‘സാർവദേശീയഗാന’മായി മാറിയതിന്റെ ആഹ്ലാദത്തിലാണ് പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാരനായ എം.കെ. മനോജ്. ‘56 ഒരു വയസ്സല്ല’ എന്നു തുടങ്ങുന്ന ഗാനമെഴുതി സംഗീതം നിർവഹിച്ചശേഷമാണ് യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും ഇടാമെന്നു തോന്നിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ് ഈ ഗാനം. തൃശൂർ കോർപറേഷൻ ജീവനക്കാരനായിരുന്ന സുഹൃത്തിന്റെ വിരമിക്കൽ ചടങ്ങിനായി തയാറാക്കിയ ഗാനം ഓഫിസിലെ പല ചടങ്ങുകളിലും മനോജും സഹപ്രവർത്തകരും ആലപിച്ചിരുന്നു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ പല ഓഫിസുകളിലും പലരും മേയ് 31ലെ വിരമിക്കൽ ചടങ്ങിന് ഇതുപയോഗിച്ചിരുന്നു. ജീവനക്കാർക്കിടയിൽ സ്വീകാര്യത ലഭിച്ച ഈ ഗാനമാണ് മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷനിലെ സ്വീപ്പറെ വിരമിക്കൽ ദിവസം സഹപ്രവർത്തകർ വീട്ടിലെത്തിക്കുന്ന വിഡിയോക്കും പിന്നണിയായി വന്നത്. കോഴിക്കോട് പൊതുമരാമത്ത് വകുപ്പിൽ ഫെയർകോപ്പി സൂപ്രണ്ടായ മനോജ് തൃശൂർ സ്വദേശിയാണ്. ഓണം വരവായി, കൃഷ്ണാനന്ദം തുടങ്ങിയ ആൽബം ഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

