മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എ.ടി.എം തകർക്കാൻ ശ്രമം; അലാറമടിഞ്ഞതോടെ പ്രതി സ്ഥലംവിട്ടു
text_fieldsപാലക്കാട്: എ.ടി.എം മെഷീനിൽ പടക്കം തിരുകിവെച്ച് പൊട്ടിച്ച് പണം മോഷ്ടിക്കാന്‍ ശ്രമം. മണ്ണാർക്കാട് എലുമ്പുലശേരിയിൽ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം പടക്കം പൊട്ടിച്ച് തകർക്കാനായിരുന്നു ശ്രമം. എന്നാല്‍ അലാറമടിച്ചതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു.
സ്കൂട്ടറിലെത്തിയ മോഷ്ടാവ് നീല ഷര്‍ട്ടും കറുത്ത പാന്റ്‌സും മുഖംമൂടിയുമണിഞ്ഞിരുന്നു. എ.ടി.എം മെഷീന്‍റെ വശങ്ങളിലായി പടക്കംവെച്ച് തീ കത്തിച്ച ശേഷം പുറത്തേക്കോടി. എന്നാൽ പടക്കം പൊട്ടിയതോടൊപ്പം എ.ടി.എമ്മിലെ അലാറവും ഉച്ചത്തില്‍ മുഴങ്ങി. ഇതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
അലാറമടിച്ചതോടെ ബാങ്ക് മാനേജരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണിലേക്ക് സന്ദേശമെത്തി. ഉടന്‍തന്നെ മണ്ണാര്‍ക്കാട് പൊലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.