മണ്ണന്തല രഞ്ജിത്ത് വധക്കേസ്: ഒമ്പതുപേർക്ക് ജീവപര്യന്തം; ഒന്നാം പ്രതിക്കും 11ാം പ്രതിക്കും ഇരട്ട ജീവപര്യന്തം
text_fieldsമണ്ണന്തല രഞ്ജിത് വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളായ അമ്പലംമുക്ക് കൃഷ്ണകുമാർ, ഹരിപ്രസാദ്, അജികുമാർ, രഞ്ജിത്കുമാർ, സുരേഷ്, ഫിറോസ്ഖാൻ, വിഷ്ണു വിനോദ്, ശങ്കര സുബ്രഹ്മണ്യൻ, ഗോഡ്വിൻ ഡെന്നീസ്, ഗോപാലൻ സുരേഷ്, സുരേഷ്
തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചു. ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്. കേസിൽ വിചാരണ നേരിട്ട 12 പ്രതികളിൽ ബാക്കി ഒമ്പത് പേർക്കും ജീവപര്യന്തം കഠിനതടവും പ്രതികൾക്കെല്ലാം 95,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. സി.പി.എം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക് കൃഷ്ണകുമാർ, പതിനൊന്നാം പ്രതി കരാട്ടെ സുരേഷ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
സി.പി.എം പ്രവർത്തകരും നേതാക്കളുമാണ് കേസിലെ പ്രതികൾ. അമ്പലമുക്ക് കൃഷ്ണകുമാറിന്റെ ഉറ്റസുഹൃത്തായ വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്ത്. 2008 ഏപ്രിൽ ഒന്നിനാണ് പാസ്പോർട്ട് ഓഫിസിന് മുന്നിൽ വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെടുന്നത്. ഈ കേസിലെ 13 പ്രതികളെയും പിന്നീട് ഹൈകോടതി വെറുതെ വിട്ടിരുന്നു. വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.
രാഷ്ട്രീയവിരോധം കാരണം 2008 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം. അന്ന് പുലർച്ചെ 5.50ഓടെ കോട്ടമുകളിൽ രഞ്ജിത്ത് നടത്തിയിരുന്ന വിനായക ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് എന്ന കടയിൽ അതിക്രമിച്ചുകയറിയ സംഘം അദ്ദേഹത്തെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്പലമുക്ക് കൃഷ്ണകുമാർ, ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കർ, ഗോഡ്വിൻ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. സി.പി.എം നേതാവായ ഹരിപ്രസാദ് ഇയാളുടെ അനുയായികളായ അനി, മറ്റൊരു രഞ്ജിത്ത്, കരാട്ടെ സുരേഷ് എന്നിവരുടെയും നേതൃത്വത്തിലായിരുന്നു കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട രണ്ടാംപ്രതി നാരായണൻ കുട്ടി ഇപ്പോഴും ഒളിവിലാണ്.
രണ്ടു കാറുകളിലും ഒരു ബൈക്കിലുമായാണ് വെട്ടുകത്തിയും കൊടുവാളും ഉൾപ്പെടെ മാരകായുധങ്ങളുമായി അക്രമിസംഘം എത്തിയതെന്നും നാലുപേർ കടക്കുള്ളിൽ കയറി രഞ്ജിത്തിനെ വെട്ടിവീഴ്ത്തിയെന്നും കേസിലെ ഒന്നാം സാക്ഷിയായ വിനോദ് കോടതിയിൽ മൊഴി നൽകിയിരുന്നു. വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്ന് പ്രതികളെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നാം പ്രതിയും പന്ത്രണ്ടാം പ്രതിയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും, മൂന്നുമുതൽ 11 വരെയുള്ള പ്രതികളെ തിരുവനന്തപുരം ജില്ല ജയിലിലേക്കുമാണ് അയച്ചത്.

