മന്നം സമാധി ദിനാചരണം ഇന്ന്
text_fieldsമന്നത്ത് പത്മനാഭൻ
ചങ്ങനാശ്ശേരി: നായർ സർവിസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 54ാമത് ചരമവാർഷികം ഞായറാഴ്ച സംസ്ഥാന വ്യാപകമായി ആചരിക്കും. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയിൽ രാവിലെ ആറുമുതൽ ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും ഉപവാസവും സമൂഹപ്രാർഥനയും നടക്കും. മന്നത്ത് പത്മനാഭൻ ഇഹലോകവാസം വെടിഞ്ഞ 11.45 വരെ നാമജപമുണ്ടാകും. താലൂക്ക് യൂനിയനുകളുടെയും കരയോഗങ്ങളുടെയും നേതൃത്വത്തിൽ 11.45 വരെ പുഷ്പാർച്ചനയും ഉപവാസവും സംഘടിപ്പിക്കും. നായർ സർവിസ് സൊസൈറ്റിക്ക് രൂപംനൽകിയപ്പോൾ സമുദായാചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലിയാണ് ചടങ്ങുകൾ അവസാനിപ്പിക്കുക. ചടങ്ങുകൾക്ക് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേതൃത്വം നൽകും.

