മന്നം ജയന്തി സമ്മേളനം രാഷ്ട്രീയക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്ന പെരുമ്പറ -ഡോ. സിറിയക് തോമസ്
text_fields149ാമത് മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ അംഗവും എം. ജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശ്ശേരി: അധികാരത്തിൽ ഇരിക്കുന്നവരുടെയും അധികാരത്തിൽ കയറാൻ ഇരിക്കുന്നവരുടെയും ചങ്കിടിപ്പ് കൂട്ടുന്ന പെരുമ്പറയാണ് എല്ലാവർഷവും ജനുവരിയിലെ ആദ്യ ദിവസങ്ങളിൽ പെരുന്നയിൽ നിന്ന് ഉയരുന്നതെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ അംഗം ഡോ. സിറിയക് തോമസ്. 149ാമത് മന്നം ജയന്തി ആഘോഷം പെരുന്നയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസിനെ പോലെ കേരള രാഷ്ട്രീയത്തിന്റെ സോഷ്യൽ എൻജിനീയറിങ്ങിനെ സ്വാധീനിക്കാൻ മറ്റാർക്കും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സമുദായങ്ങളെ ക്ഷതം ഏൽപ്പിക്കാതെ വേണം നായർ സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കാനെന്നാണ് എൻ.എസ്.എസ് പ്രതിജ്ഞാ വാചകത്തിൽ എഴുതി ചേർത്തിരിക്കുന്നത്. ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ നാമജപ ഘോഷയാത്ര നടത്തിയാണ് എൻ.എസ്.എസ് പ്രതികരിച്ചത്. അതിൽ രാഷ്ട്രീയം ഇല്ലായിരുന്നു. വിശ്വാസികളുടെ മനസ്സിൽ ആഴത്തിൽ ഉണ്ടായ മുറിവിനോടുള്ള പോസിറ്റീവായ ഇടപെടൽ ആയിരുന്നു അത്. ഒരു ആലോചനയോഗം പോലും വിളിച്ചുചേർക്കാതെ നടത്തിയ നാമജപ ഘോഷയാത്ര ചരിത്ര സംഭവമായി മാറി. എൻ .എസ്.എസ് ശക്തി സ്രോതസ്സായി മാറിയപ്പോൾ രാഷ്ട്രീയമായാണ് പലരും ഇതിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം നടക്കുന്ന സംഘടിത ഗാന്ധി നിന്ദക്കെതിരെ ധർമ്മ സമരത്തിന് നേതൃത്വം നൽകാൻ എൻ.എസ്.എസ് മുന്നോട്ടു വരണം. ഗാന്ധിനിന്ദ അക്ഷന്തവ്യമായ രാഷ്ട്രീയ മഹാപാപമാണ്. ഗാന്ധിഭക്തനായ മന്നത്തിന്റെ മഹാസമാധി സ്ഥലത്തു നടക്കുന്ന 149ാമത് ജയന്തി സമ്മേളനം ഗാന്ധി നിന്ദയെ ചെറുക്കുന്ന രണ്ടാം വിമോചന സമരത്തിന്റെ കേളികൊട്ട് ആകണമെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് പ്രസിഡൻറ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വാഗതം പറഞ്ഞു. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.എസ്.എസ് ട്രഷറർ എൻ.വി അയ്യപ്പൻ പിള്ള നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

