മന്നം ജയന്തി ആഘോഷത്തിന് പെരുന്നയിൽ ഇന്ന് തുടക്കം
text_fieldsചങ്ങനാശ്ശേരി: സമുദായ ആചാര്യന് മന്നത്ത് പദ്മനാഭെൻറ 142ാമത് ജയന്തി ആഘോഷത്തിന് പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് ചൊവ്വാഴ്ച തുടക്കമാകും. ശബരിമല സ്ത്രീപ്രവേശന വിഷയമടക്കമുള്ള വിഷയങ്ങളിൽ എൻ.എസ്.എസും സർക്കാറും ഭിന്നധ്രുവങ്ങളിലായിരിക്കെ, ഇത്തവണത്തെ മന്നംജയന്തി ആഘോഷത്തിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്.
പെരുന്ന മന്നംനഗറിൽ പ്രത്യേകം സജ്ജീകരിച്ച വിശാലപന്തലിലാണ് രണ്ടുദിവസത്തെ സമ്മേളനം നടക്കുക. ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ മന്നംസമാധിയിൽ പുഷ്പാർച്ചനക്കുശേഷം 10.15ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിൽ എന്‍.എസ്.എസ് പ്രസിഡൻറ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷതവഹിക്കും. ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍ സ്വാഗതവും വിശദീകരണവും നടത്തും. കരയോഗം രജിസ്ട്രാര്‍ പി.എന്‍. സുരേഷ് നന്ദി പറയും. ൈവകീട്ട് കലാപരിപാടികളും ഉണ്ടാകും.
മന്നം ജയന്തി ദിനമായ ജനുവരി രണ്ടിന് 10.45ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം മുന്‍ അറ്റോര്‍ണി ജനറലും മുന്‍ രാജ്യസഭ അംഗവുമായ കെ. പരാശരന് ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ് പ്രസിഡൻറ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറയും. മുന്‍ ഹൈകോടതി ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷന്‍ സി. രാധാകൃഷ്ണന് അനുസ്മരണം നടത്തും. എന്‍.എസ്.എസ് ട്രഷറര്‍ ഡോ. എം. ശശികുമാര്‍ നന്ദി പറയും.
പെരുന്ന ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ 50,000 പേർക്ക് ഇരിക്കാവുന്ന വിശാല പന്തൽ കേരളത്തനിമയിലാണ് തീർത്തിരിക്കുന്നത്. മുൻവശവും പ്രധാനവേദിയും കോട്ടയുടെ മാതൃകയിലാണ്. ആഘോഷത്തിെൻറ ഭാഗമായി പെരുന്ന ആസ്ഥാനമന്ദിരവും ദീപാലങ്കൃതമാണ്. സമ്മേളനത്തിന് എത്തുന്ന മുഴുവന്‍ പേര്‍ക്കും ഭക്ഷണവും സമുദായപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
