'സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള വി.എസിന്‍റെ നിലപാടുകൾ കാലത്തിന്‍റെ ആവശ്യകത, പേരിനെ ശരിയടയാളമാക്കിയ നേതാവ്' -മഞ്ജു വാര്യർ
text_fieldsഅന്തരിച്ച മുൻമുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള വി.എസിന്‍റെ നിലപാടുകൾ കാലത്തിന്‍റെ ആവശ്യകത കൂടിയായിരുന്നു എന്ന് മഞ്ജു വാര്യർ സമൂഹമാധ്യമത്തിൽ കുറിച്ചു.
'വി.എസ്.അച്യുതാനന്ദന്‍റെ കാല്പാദത്തിൽ ഒരു മുറിവിന്‍റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിന്‍റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള വി.എസിന്‍റെ നിലപാടുകൾ കാലത്തിന്‍റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി' -മഞ്ജു വാര്യർ കുറിച്ചു.
വി.എസ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചക്കുശേഷമാണ് ആരോഗ്യ നില വഷളായത്. തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി.എ അരുൺ കുമാറിന്റെ വീട്ടിലായിരിക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടക്ക് ആശ്വാസ വാർത്തകൾ വന്നിരുന്നുവെങ്കിലും വൈകീട്ട് 3.20 ഓടെ മരണപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

