സിനിമ -സീരിയൽ താരം മഞ്ജു സ്റ്റാൻലി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsകൊച്ചി: സിനിമ സീരിയൽ താരം മഞ്ജു സ്റ്റാൻലി കോവിഡ് ബാധിച്ച് മരിച്ചു. സിനിമയിലും സീരിയലിലും ക്യാരക്ടർ റോളുകൾ ചെയ്തു വരികയായിരുന്ന മഞ്ജു കൊച്ചിയിലായിരുന്നു താമസം. ഒരു മകളുണ്ട്.
അജി മേടയിലിന്റെ പുതിയ സിനിമയായ ഫെയർ ആൻഡ് ലൗലിയിൽ അഭിനയിച്ചു വരികയായിരുന്നു. സിനിമാ പ്രവർത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാെൻറ സഹോദരനായ പട്ടം സ്റ്റാൻലിയുടെ മകളാണ് മഞ്ജു. താരത്തിന് ആദരാഞ്ജലികളുമായി സഹപ്രവർത്തകരെത്തി.
നടൻ കിഷോർ സത്യ പങ്കുവെച്ച കുറിപ്പ്:
ഇന്നലെ രാത്രി 10 മണിയോടെ സംവിധായകൻ അൻസാർ ഖാൻ വിളിച്ച് പറഞ്ഞു 'കിഷോർ, നമ്മുടെ സീരിയലിൽ ഹൗസ് ഓണർ ആയി അഭിനയിച്ച മഞ്ജു കോവിഡ് വന്ന് മരിച്ചു എന്ന് ചില ഗ്രൂപ്പുകളിൽ കണ്ടു. സത്യമാണോ എന്ന് തിരക്കാൻ ചിലരോട് പറഞ്ഞിട്ടുണ്ട്. കിഷോറും നിജസ്ഥിതി ഒന്ന് അന്വേഷിച്ചോളൂ...'
കേട്ടപ്പോൾ ഉള്ളൂലഞ്ഞുവെങ്കിലും സത്യമാവില്ല എന്ന് തന്നെ കരുതി....പക്ഷെ നേരം വെളുത്തു ഫോൺ നോക്കിയപ്പോൾ പലരും ഈ വാർത്ത പങ്കുവെച്ചിരുന്നു....
പല ഓൺലൈൻ വാർത്തലിങ്കുകളും ചിലർ വാട്സ്ആപ്പ് ചെയ്തിരുന്നു. അതിൽ ഒരെണ്ണത്തിൽ അദ്ദേഹത്തിന്റെ പിതാവിന്റെ പേർ പട്ടം സ്റ്റാൻലി എന്ന് പരാമർശിച്ചിരുന്നു. (എന്നാൽ മഞ്ജുവോ അദ്ദേഹമോ ഈ കാര്യം ഇതുവരെ എന്നോട് പറഞ്ഞിരുന്നില്ല).അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാമായിരുന്നു എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ ആയിരുന്നു അദ്ദേഹം.
സ്റ്റാൻലി ചേട്ടനെ വിളിക്കുമ്പോഴും ഇതൊരു വ്യാജ വാർത്ത ആവണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് വിളിച്ചത്.പക്ഷെ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ നൊമ്പരത്തിന്റെ തുരുത്തിലേക്കു വലിച്ചെറിഞ്ഞു.....പെട്ടന്ന് നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടൽ പോലെ തോന്നിയപ്പോൾ മഞ്ജു ആശുപത്രിയിൽ പോയി.(അതിന് മുൻപ് മറ്റ് കോവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു എന്നാണ് സ്റ്റാൻലി ചേട്ടൻ പറഞ്ഞത് )ചെന്നപ്പോഴേ ഓക്സിജൻ കൊടുത്തു ICU ഒഴിവില്ലായിരുന്നു. 2 ദിവസം കഴിഞ്ഞാണ് ICU ബെഡ് കിട്ടിയത്. 7-8 ദിവസങ്ങൾക്കു ശേഷം തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി....
അവരുടെ വാതോരാതെയുള്ള വർത്തമാനങ്ങളും ചിരിയുമൊന്നും ഇനി ഒരു ലൊക്കേഷനിലും ഉണ്ടാവില്ല....ഉള്ളിൽ ഒരുപാട് വേദനകളും അസ്വസ്ഥതകളും ഒളിപ്പിച്ചു വെച്ചാണ് മഞ്ജു നമ്മെ നോക്കി ചിരിച്ചതെന്നു സ്റ്റാൻലി ചേട്ടൻ ഇന്ന് പറയുമ്പോൾ മാത്രമാണ് അറിയുന്നത്....പ്രിയപ്പെട്ടവരേ, ഇന്നലെവരെ കോവിഡ് നമ്മുടെ അപ്പുറത്തെ വീട്ടിൽ മാത്രമേ വരൂ എന്ന് നമ്മൾ നമ്മുടെ മനസിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.കോവിഡ് നമ്മുടെ വീട്ടിലും എത്തിയെന്ന സത്യത്തിലെക്ക് നാം തിരിച്ചെത്തണം.
ഓക്സിജിൻ സിലിണ്ടറിന്റെയും ICU, Ventilator ബെഡ്ഡുകളുടെയും ഇല്ലായ്മ അങ്ങ് ദില്ലിയിലെയും മുംബൈയിലെയും പത്രവാർത്തകൾ മാത്രമല്ല ഇങ്ങ് കൊച്ചുകേരളത്തിലെ സത്യം കൂടെയാണെന്ന് ഉൾകൊള്ളാൻ നാം തയ്യാറാവണം."ജീവന്റെ വിലയുള്ള ജാഗ്രത" എന്ന് പറയുന്നതിന്റെ "വില" നാം മനസിലാക്കണം....
നമ്മുടെ പ്രിയപ്പെട്ടവരേ സംരക്ഷിക്കാൻ ഇതല്ലാതെ മറ്റൊന്നും നമ്മുടെ മുൻപിൽ ഇല്ല.....
പ്രിയപ്പെട്ട മഞ്ജു....
ഒരിക്കൽ കൂടെ സ്നേഹ പ്രണാമങ്ങൾ.......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

