മഞ്ചേശ്വരം: ബി.ജെ.പി കാമ്പുകളിൽ നിരാശ, കാസർകോട് പതിവുനില തുടരാൻ സാധ്യത
text_fieldsകാസർകോട്: മഞ്ചേശ്വരം ബി.ജെ.പി പിടിക്കുമോ, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ അട്ടിമറിക്കുമോ, ലോക്സഭയിലും തദ്ദേശത്തിലും യു.ഡി.എഫിന് മുൻതൂക്കം നൽകിയ ഉദുമ അത് ആവർത്തിക്കുമോ എന്നതൊക്കെയാണ് കേരളം ഉറ്റുനോക്കുന്നത്. മഞ്ചേശ്വരത്ത് ഇക്കുറിയും ബി.ജെ.പി- യു.ഡി.എഫ് മത്സരമാണ്. എസ്.ഐ.ആറിൽ ഏറ്റവും കൂടുതൽ വോട്ട് തള്ളിയത് ബി.ജെ.പി പോക്കറ്റുകളിലാണ്. അതിന്റെ പകുതിയേ യു.ഡി.എഫ് നഷ്ടമായിട്ടുള്ളൂ. ചേർക്കുന്നതിലും യു.ഡി.എഫ് തന്നെ മുന്നിൽ. മഞ്ചേശ്വരത്തെ ബി.ജെ.പിയുടെ ആത്മവിശ്വാസക്കുറവ് ഫലം ഇപ്പോഴേ വിളിച്ചുപറയുന്നു. യു.ഡി.എഫിന്റെ എ.കെ.എം. അഷ്റഫും ബി.ജെ.പിയുടെ കെ. സുരേന്ദ്രനും തമ്മിലാണ് മത്സരം. നിരാശയിലാണ് ബി.ജെ.പി ക്യാമ്പുകൾ. ഈ സാഹചര്യത്തിൽ, കാസർകോട്ടെ അഞ്ചു മണ്ഡലങ്ങളിൽ എൽ.ഡി.എഫ് (മൂന്ന്)-യു.ഡി.എഫ് (രണ്ട്) എന്ന പതിവുനില തുടരാൻ സാധ്യത.
കാസർകോട് ബി.ജെ.പി ജില്ല പ്രസിഡൻറ് എം.എൽ. അശ്വിനിയും മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കല്ലട മാഹിൻ ഹാജിയും തമ്മിലാണ് പ്രധാന മത്സരം. പഴയ കോൺഗ്രസുകാരനായ പാദൂർ കുഞ്ഞാമുഹാജിയുടെ മകൻ ഷാനവാസ് പാദൂർ യു.ഡി.എഫിന്റെ വോട്ടുകൾ ചോർത്തിയേക്കാം. എന്നാൽ, വിജയം മാറിമറിയാൻ സാധ്യത കുറവാണ്.
അട്ടിമറി പ്രതീക്ഷിച്ച മണ്ഡലം ഉദുമയാണ്. സി.പി.എം-കോൺഗ്രസ് നേതൃനിരയിലെ പ്രമുഖരായ സി.എച്ച്. കുഞ്ഞമ്പുവും കെ. നീലകണ്ഠനുമാണ് ഏറ്റുമുട്ടുന്നത്. ലോക്സഭയിലും തദ്ദേശത്തിനും യു.ഡി.എഫിന് ലഭിച്ച മേൽക്കൈക്ക് നിയമസഭ വഴി രാഷ്ട്രീയ സ്ഥിരതയുണ്ടാക്കാൻ യു.ഡി.എഫ് ശ്രമം നടത്തുന്നു. എന്നാൽ, പ്രചാരണരംഗത്ത് അത് പ്രകടമായിട്ടില്ല. വോട്ടിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായില്ലെങ്കിൽ ഉദുമ ഇടതിനൊപ്പം തുടർന്നേക്കും.
കാഞ്ഞങ്ങാട് സി.പി.ഐയുടെ അഡ്വക്കറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിലും കേരള കോൺഗ്രസ് ജന. സെക്രട്ടറി ഷൈജി ഓട്ടപ്പള്ളിയും തമ്മിലുള്ള മത്സരത്തിൽ എൽ.ഡി.എഫ് മുന്നിലാണ്. തൃക്കരിപ്പൂരിനെ ഇളക്കിമറിക്കാൻ യു.ഡി.എഫിന്റെ സന്ദീപ് വാര്യർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇടതുപക്ഷത്തിന്റെ സുസ്ഥിരമായ രാഷ്ട്രീയകേന്ദ്രങ്ങളെ പിടിച്ചുലക്കാൻ സാധിച്ചിട്ടില്ല. ന്യൂനപക്ഷങ്ങൾ സംഘടിച്ച് സർക്കാറിന് എതിരായ അന്തർധാരയായാൽ ഫലങ്ങളിൽ മാറ്റം ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

