മഞ്ചേരിക്കാർ ചോദിക്കുന്നു; ഇത് മെഡിക്കൽ കോളജാണോ?
text_fields2013 സെപ്റ്റംബർ ഒന്നിനാണ് മഞ്ചേരി മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചത്. 10 വർഷം പിന്നിടുമ്പോഴും സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലാണ്. മറ്റു മെഡിക്കൽ കോളജുകൾ ഏക്കറുകണക്കിന് ഭൂമിയിൽ പ്രവർത്തിക്കുമ്പോൾ മഞ്ചേരിക്കുള്ളത് ആകെ 23 ഏക്കർ മാത്രം. ഈ വർഷം അവസാനത്തോടെ നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) പരിശോധനക്കെത്തും. അതിന് മുമ്പ് സ്ഥലം ഏറ്റെടുക്കുന്ന നടപടി പൂർത്തിയാക്കേണ്ടിവരും. മെഡിക്കൽ കോളജിനോട് ചേർന്ന് 2.810 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ടുപോകാൻ കഴിഞ്ഞ ദിവസം സർക്കാർ അംഗീകാരം നൽകി ഉത്തരവായിരുന്നു.
110 എം.ബി.ബി.എസ് സീറ്റും മൂന്നുവകുപ്പിലായി ആറ് പി.ജി സീറ്റുമാണ് മഞ്ചേരിയിലുള്ളത്. മെഡിക്കൽ കോളജിനോടനുബന്ധിച്ച് കഴിഞ്ഞ വർഷം മുതൽ നഴ്സിങ് കോളജും പ്രവർത്തിച്ചുവരുന്നു. സ്ഥലസൗകര്യം ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിലെ താൽക്കാലിക കെട്ടിടങ്ങളും മറ്റുംതന്നെയാണ് നഴ്സിങ് കോളജിനും ഉപയോഗിക്കുന്നത്. ഫലത്തിൽ മെഡിക്കൽ കോളജും നഴ്സിങ് കോളജുമെല്ലാം ഒരേ കെട്ടിടത്തിൽതന്നെ. നഴ്സിങ് കോളജ് ചെരണിയിലേക്ക് മാറ്റിസ്ഥാപിക്കാൻ സർക്കാർതലത്തിൽ തീരുമാനമായിട്ടുണ്ട്.
ജനറൽ ആശുപത്രി പേര് മാറ്റി മെഡിക്കൽ കോളജ് ആക്കിയെങ്കിലും ഹെൽത്ത് സർവിസിലെ ഡോക്ടർമാരെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ജനറൽ ആശുപത്രിയല്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും 56 ഡോക്ടർമാർ ഡി.എച്ച്.എസിന് കീഴിലാണ് ജോലി ചെയ്യുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 92 ഡോക്ടർമാരും ഡെപ്യൂട്ടേഷനിൽ ആറുപേരും മെഡിക്കൽ കോളജിൽ ഡോക്ടർമാരായുണ്ട്. 119 ഒഴിവുകളാണ് ഉള്ളത്. എൻ.എം.സി പരിശോധനക്കുമുമ്പ് ഓരോ വകുപ്പിലും ഒഴിവുള്ള തസ്തികകൾ കണ്ടെത്തി നികത്താൻ ആശുപത്രി അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.
സർവത്ര താൽക്കാലികമായി പാലക്കാട്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളജെന്ന ഖ്യാതിയിൽ തുടങ്ങിയ പാലക്കാട് മെഡിക്കല് കോളജ് ഒരു പതിറ്റാണ്ടിനിപ്പുറവും ത്രിശങ്കുവിൽ. കൃത്യമായ നിയമന സംവിധാനമില്ലാത്തതാണ് ഇവിടുത്തെ പ്രതിസന്ധി. പലപ്പോഴായി നടത്തിയ കരാർ നിയമനങ്ങളും താൽക്കാലിക നിയമനങ്ങളുമാണ് കോളജിനെ അർധജീവനോടെയെങ്കിലും നിലനിർത്തുന്നത്.
യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെ ഇവിടെ വിജിലൻസ് അന്വേഷണം വരെ നടന്നിരുന്നു. അതേസമയം, നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കിയാൽ കോളജിന്റെ മെഡിക്കൽ കൗൺസിൽ അംഗീകാരം നഷ്ടമാകും. താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നുണ്ടെങ്കിലും തൊഴിൽ സുരക്ഷയില്ലായ്മയും മോശം തൊഴിൽസാഹചര്യവും കാരണം കൊഴിഞ്ഞുപോക്ക് തുടരുകയാണ്.
നിയമനങ്ങൾ പി.എസ്.സി വഴിയാക്കണമെന്ന് 2020ൽ കോളജ് ഭരണസമിതി ശിപാർശ ചെയ്തെങ്കിലും നടപടികൾ വൈകുകയാണ്. സർക്കാറിന്റെ കീഴിലുള്ള സൊസൈറ്റിയായി പ്രവർത്തിക്കുന്നതിനാൽ നിയമനം പി.എസ്.സി എങ്ങനെ ഏറ്റെടുക്കുമെന്ന സാങ്കേതിക പ്രശ്നവും ഉണ്ട്.
മെഡിക്കൽ കോളജിൽ കെട്ടിടങ്ങള് തലയുയര്ത്തി നില്ക്കുന്നുണ്ടെങ്കിലും മരുന്ന് വാങ്ങി മടങ്ങുകയല്ലാതെ രോഗികള്ക്ക് കിടത്തിച്ചികിത്സയുടെ പ്രയോജനം ഇതുവരെ ലഭിച്ചിട്ടില്ല. അത്യാധുനിക ഉപകരണങ്ങള് പലതും മൂടിയിട്ട സ്ഥിതിയാണ്.
കോഴിക്കോടിന് ഡോക്ടർമാരെ വേണം; പക്ഷേ കൊടുക്കുന്നില്ല
ആവശ്യത്തിലേറെ രോഗികളും മറ്റെല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും കോഴിക്കോട് മെഡിക്കൽ കോളജിന് എം.ഡി എമർജൻസി മെഡിസിൻ വിഭാഗത്തിൽ രണ്ടു സീറ്റുകൾ നഷ്ടപ്പെടുത്തിയത് ഡോക്ടർമാരെ നിയമിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ. ഒരു പ്രഫസർ, ഒരു അസോസിയേറ്റ് പ്രഫസർ, രണ്ട് അസിസ്റ്റന്റ് പ്രഫസർ, ഒമ്പത് സീനിയർ റെസിഡൻഷ്യൽ സർജൻ എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജ് എമർജൻസി മെഡിസിനിൽ വേണ്ടത്. എന്നാൽ, അസോസിയേറ്റ് പ്രഫസർ ഇല്ല. രണ്ട് അസിസ്റ്റുമാർ വേണ്ടിടത്ത് ഒരാൾ മാത്രം. ഒമ്പത് സീനിയർ റെസിഡൻഷ്യൽ സർജൻമാർ വേണ്ടിടത്ത് നിലവിൽ ഒരു തസ്തിക പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല.
ഒരു അസോസിയേറ്റ് പ്രഫസറുടെയും അസി. പ്രഫസറുടെയും ഒഴിവ് ഉള്ളതിനാലാണ് സീറ്റ് നഷ്ടമായത്. എന്നാൽ, നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നും സീറ്റ് നഷ്ടമാവില്ലെന്നാണ് പ്രതീക്ഷയെന്നും പ്രിൻസിപ്പൽ ഡോ. എൻ അശോകൻ പറഞ്ഞു. ദേശീയ മെഡിക്കൽ കൗൺസിലിന് സത്യവാങ്മൂലം നൽകി അത് പുനഃസ്ഥാപിക്കാൻ കഴിയുമെന്നും ഇത്തരം സംഭവങ്ങൾ പലപ്പോഴും ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു
കാസർകോട്ട് മെഡിക്കൽ കോളജുണ്ട്; പക്ഷേ അംഗീകാരമില്ല
കാസർകോട് ജില്ലയിൽ ഒരു മെഡിക്കൽ കോളജുണ്ട്. പക്ഷേ, പതിറ്റാണ്ട് കഴിഞ്ഞിട്ടും നാഷനൽ മെഡിക്കൽ കൗൺസിലിന്റെ (എൻ.എം.സി) അംഗീകാരം നേടാനായില്ല. അതുകൊണ്ടു തന്നെ എം.ബി.ബി.എസ് പ്രവേശനമില്ല. പ്രിൻസിപ്പലില്ല, സൂപ്രണ്ടുമില്ല. പേരിന് ഒരു ഒ.പി മാത്രം പ്രവർത്തിക്കുന്നു. ഒന്നോ രണ്ടോ പഞ്ചായത്തുകളിൽപെട്ട പാവപ്പെട്ട രോഗികൾ മാത്രം വരും.
കാസർകോട്ട് ഒരാൾ അപകടത്തിൽപെട്ടാൽ എത്തിപ്പെടാൻ ഏറ്റവും പ്രയാസമുള്ള ദൂരത്ത് -കർണാടകയോട് ചേർന്ന ഉക്കിനടുക്കയിൽ സ്ഥാപിച്ചതിനാൽ സ്വകാര്യ മെഡിക്കൽ ലോബികൾക്ക് കൂടുതലായൊന്നും ചെയ്യേണ്ടതായുമില്ല. മെഡിക്കൽ കോളജ് ഇല്ലാത്ത ജില്ലയെന്ന പേരുദോഷം തീർക്കാൻ 2012ൽ അനുവദിച്ചതാണ് ‘കാസർകോട് മെഡിക്കൽ കോളജ്’. ഇതോടൊപ്പം അനുവദിച്ച പത്തനംതിട്ട, പാലക്കാട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽനിന്ന് ഡോക്ടർമാർ പുറത്തിറങ്ങി.
മെഡിക്കൽ കോളജ് പൂർണസ്ഥിതിയിൽ ആരംഭിക്കണമെങ്കിൽ 200ഓളം ഡോക്ടർമാരെ നിയമിക്കണം. എങ്കിൽ മാത്രമേ എൻ.എം.സി അംഗീകാരത്തിന് സമർപ്പിക്കാനാകൂ. ഇതുവരെ 89 തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. 15 ഡോക്ടർ മാത്രമാണുള്ളത്. ഇവർ ഒ.പിയിലാണ് ജോലിചെയ്യുന്നത്. 120 തസ്തികകൾ ഇനിയും സൃഷ്ടിക്കാനുണ്ട്. അനുബന്ധ ജീവനക്കാർ 500ഓളം വേണ്ടിവരും.
കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനാണ് ഇവിടുത്തെയും ചുമതല. വിദ്യാർഥികൾ ഇല്ലാത്തതിനാൽ പ്രിൻസിപ്പലിന് കാര്യമായ ജോലിയില്ല. ഒ.പി വിഭാഗത്തിലെ ഡോക്ടർക്ക് സുപ്രണ്ടിന്റെ ചുമതല കൂടി നൽകിയിട്ടുണ്ട്.
കണ്ണൂരിന് നഷ്ടമായത് ഏഴ് പി.ജി സീറ്റുകൾ
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഏഴ് പി.ജി സീറ്റുകളുടെ അംഗീകാരമാണ് നാഷനൽ മെഡിക്കൽ കൗൺസിൽ റദ്ദാക്കിയത്. എം.ഡി എമർജൻസി മെഡിസിൻ, എം.എസ് ഓർത്തോ, എം.എസ് ഇ.എൻ.ടി എന്നീ വിഭാഗങ്ങളിലെ ഏഴു സീറ്റുകളാണ് നഷ്ടമായത്. ആവശ്യമായ ഫാക്കൽറ്റികളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് എമർജൻസി മെഡിസിനിലെയും അസ്ഥിരോഗ വിഭാഗത്തിലെയും പി.ജി സീറ്റുകളുടെ അംഗീകാരം റദ്ദാക്കിയത്.
അഡ്മിറ്റ് ചെയ്ത രോഗികളുടെ എണ്ണക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഇ.എൻ.ടി വിഭാഗത്തിലെ സീറ്റുകളുടെ അംഗീകാരം തടഞ്ഞത്. അതേസമയം, മെഡിക്കൽ കോളജിലെ വാർഡുകളുടെ നവീകരണം നടന്നുവരുകയാണ്. അറ്റകുറ്റപ്പണി കാരണം 150ഓളം ബെഡുകൾ പ്രവർത്തനരഹിതമാണ്. പ്രവൃത്തി പൂർത്തിയാവുന്ന മുറക്ക് ബെഡുകൾ പ്രവർത്തിപ്പിക്കാനാവും. ഇത് കൗൺസിൽ പ്രതിനിധികളെ ധരിപ്പിച്ചിരുന്നതായാണ് സൂചന. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ആകെ 37 പി.ജി സീറ്റുകളാണുള്ളത്. മറ്റ് വകുപ്പുകളിലും എം.ബി.ബി.എസിലും പ്രതിസന്ധിയില്ല.
പി.ജി പ്രവേശനം നടത്താനിരിക്കെയുള്ള അംഗീകാരം റദ്ദാക്കൽ തിരിച്ചടിയാവും. എന്നാൽ, ഒരു മാസത്തിനകം കൗൺസിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിച്ച് റിപ്പോർട്ട് ചെയ്യുന്ന പക്ഷം കൗൺസിൽ പ്രതിനിധികൾ വീണ്ടും സന്ദർശിച്ച് അംഗീകാരം നൽകും. ഇതിനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പും മെഡിക്കൽ കോളജ് അധികൃതരും.
എം.ബി.ബി.എസ് പഠന സ്വപ്നവുമായി വയനാട്
വയനാട് മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങിയിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും എം.ബി.ബി.എസ് ക്ലാസ് ആരംഭിച്ചിട്ടില്ല. 2015ലാണ് ഉമ്മൻചാണ്ടി സർക്കാർ വയനാട് മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ അമ്പതേക്കർ സ്ഥലത്താണ് മെഡിക്കൽ കോളജ് നിർമിക്കാൻ തീരുമാനിച്ചത്. പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. 2021 ഫെബ്രുവരി 12ന് മാനന്തവാടിയിലെ ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തി. 2022 മാർച്ചിൽ ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിൽ തവിഞ്ഞാൽ ബോയ്സ് ടൗണിലുള്ള സ്ഥലം വയനാട് മെഡിക്കൽ കോളജിനായി ഏറ്റെടുത്ത് സർക്കാർ ഉത്തരവായി.
എന്നാൽ ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 65 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരം കെട്ടിട നിർമാണം ആരംഭിക്കുന്നതിന് തടസ്സമായി. നിലവിൽ അവിടെ തുടർ നടപടികൾ ഒന്നുമായില്ല. അതിനാൽ ജില്ല ആശുപത്രിയിൽ നഴ്സിങ് കോളജിന് നിർമിച്ച ആറുനില കെട്ടിടത്തിൽ ആദ്യ വർഷ ക്ലാസുകൾക്ക് തുടക്കമിടാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
അടുത്ത അധ്യയന വർഷം എം.ബി.ബി.എസിന് ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി വീണ ജോർജ് നിർദേശം നൽകിയിട്ടുണ്ട്. അതിനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിനുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമായിട്ടുണ്ട്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

