മലപ്പുറം തൃക്കലങ്ങോട്ട് ജനവാസ മേഖലയിൽ പുലി ആടുകളെ കടിച്ചുകൊന്നു
text_fieldsപുലി കടിച്ചുകൊന്ന ആടുകൾ
മഞ്ചേരി (മലപ്പുറം): തൃക്കലങ്ങോട് കുതിരാടത്ത് ജനവാസമേഖലയിൽ പുലി ഏഴ് ആടുകളെ കടിച്ചുകൊന്നു. നെല്ലിക്കുന്ന് വള്ളിയേമ്മൽ എൻ.സി. കരീമിന്റെ ഫാമിലെ ആടുകളെയാണ് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 11.56നാണ് സംഭവം. പുലി എത്തുന്ന ദൃശ്യങ്ങൾ ഫാമിലെ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചു.
16 ആടുകളും മൂന്നു പോത്തുകളും ഒരു പശുവുമാണ് ഫാമിലുണ്ടായിരുന്നത്. നാലു കൂടുകളിലായാണ് ആടുകളുണ്ടായിരുന്നത്. ഇതിൽ രണ്ടു കൂടുകളിൽ പുലി ആക്രമിച്ചുകടന്നു. മൂന്നു ഗർഭിണികൾ ഉൾപ്പെടെയുള്ള ആടുകളാണ് ചത്തത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇരുമ്പുനിർമിത കൂടിന്റെ മുകളിലെ വിടവിലൂടെയാണ് പുലി അകത്തുകടന്നത്. ബുധനാഴ്ച രാവിലെ 7.15ന് ഫാമിലെത്തിയ ഉടമ കരീമാണ് ആടുകളെ ചത്ത നിലയിൽ കണ്ടത്. കൂടിന് പരിസരത്ത് വന്യജീവിയുടെ കാൽപാടുകൾ കണ്ടതോടെ വനംവകുപ്പിനെയും പൊലീസിനെയും അറിയിച്ചു.
പലചരക്ക് കച്ചവടം നടത്തിയിരുന്ന കരീം അഞ്ചു വർഷം മുമ്പാണ് വീടിനോടു ചേർന്ന് ഫാം ആരംഭിച്ചത്. റബർതോട്ടം പാട്ടത്തിനെടുത്ത് റബർ ഷീറ്റ് അടിക്കുന്ന ജോലിയും ചെയ്തിരുന്നു. ഷീറ്റ് കളവ് പോകുന്നത് തടയാനാണ് സി.സി.ടി.വി സ്ഥാപിച്ചത്. സമീപത്തെ മലയിൽനിന്ന് റബർതോട്ടത്തിലൂടെ ഫാമിലേക്ക് പുലിയെത്തിയെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
മേഖലയിൽ ആദ്യമായാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നത്. കൊടുമ്പുഴ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ. നാരായണൻ, വെറ്ററിനറി ഡോക്ടർമാരായ എസ്. ശ്യാം, ടി.പി. റെമീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി എട്ടു വയസ്സുള്ള ആൺപുലിയാണെന്ന് സ്ഥിരീകരിച്ചു. ഫാമിനടുത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു.
പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് ആരംഭിച്ചു. കർഷകനായ കരീമിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

