മഞ്ചേരി: സ്പെഷൽ സബ്ജയിലിലെ സൂപ്രണ്ടടക്കം ജീവനക്കാർക്കും തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ജയിൽ താൽക്കാലികമായി അടച്ചു. 28 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ജീവനക്കാർക്കും മൂന്ന് വനിതകൾ ഉൾപ്പെടെ 15 തടവുകാർക്കുമാണ് പോസിറ്റീവായത്.
ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി 12 തടവുകാരെ പൊന്നാനിയിലേക്കും 10 തടവുകാരെ പെരിന്തൽമണ്ണ സബ് ജയിലിലേക്കും മാറ്റി. മറ്റുജീവനക്കാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
കോവിഡ് സമൂഹവ്യാപന പരിശോധിക്കാൻ ജയിൽ വകുപ്പിൻറെ നിർദേശപ്രകാരം നാല് ദിവസം മുമ്പാണ് ജയിലിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയത്. തടവുകാരുൾപ്പടെ 52 പേരുടെ പരിശോധനയാണ് നടത്തിയത്. ഇതിലാണ് 28 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മഞ്ചേരിയിൽ മാത്രം 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുള്ളമ്പാറയിൽ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.