മഞ്ചേരി വായ്പ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ
text_fieldsമഞ്ചേരി: വായ്പ നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്ന് പണം സ്വീകരിച്ചു തുക നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മേലാറ്റൂര്‍ എടപ്പറ്റ കല്ലിങ്ങല്‍ മുഹമ്മദ് സുബൈറിനെയാണ് (34) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പയായി നല്‍കുമെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് സംഘം പണം കൈക്കലാക്കിയത്.
ദിനം പ്രതി 3250 രൂപ തിരിച്ചടച്ചാല്‍ മതി. അഞ്ചുവര്‍ഷം തിരിച്ചടക്കാന്‍ സമയം ലഭിക്കും. ഒരുലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെയുള്ള വ്യത്യസ്ത സ്‌കീമുകളുമുണ്ട്. എന്നാല്‍, പണം സ്വീകരിച്ച ശേഷം പറഞ്ഞ സമയത്ത് തുക നല്‍കാതെ ഇവരെ വഞ്ചിക്കുകയായിരുന്നു. ഒരുലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെയാണ് പലരും നിക്ഷേപിച്ചത്.
സ്ഥാപനത്തിന്‍റെ മാനേജര്‍ കോഴിക്കോട് ചാത്തമംഗലം കട്ടാങ്ങല്‍ സ്വദേശി മുഹമ്മദ് റാഫിയെ (40) ഒക്‌ടോബര്‍ അഞ്ചിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി ജസീല ജങ്ഷനിലെ ശ്രീ സെന്തൂര്‍ മുരുഗന്‍ ഫൈനാന്‍സ് എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരും ജീവനക്കാരുമായ അഞ്ചുപേരാണ് കേസിലെ പ്രതികള്‍. ചെറുകിട വ്യാപാരികളാണ് പണം നിക്ഷേപിച്ചവരിലധികവും. ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ വായ്പ നല്‍കാമെന്ന് പറഞ്ഞാണ് വ്യാപാരികളെ സ്ഥാപനത്തിലെ ജീവനക്കാര്‍ സമീപിച്ചത്.
ഒരുകോടിയോളം രൂപ ഇടപാടുകാരില്‍നിന്ന് വാങ്ങിയെന്നാണ് പൊലീസ് കരുതുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ട് മാര്‍ഗമാണ് പണം സ്വീകരിച്ചിരുന്നത്. ഇത് പിന്നീട് റാഫി കൈപ്പറ്റി തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ക്ക് കൈമാറിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലും ഇവരുടെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നു. ഇത് പൂട്ടിയതോടെയാണ് മഞ്ചേരിയില്‍ ആരംഭിച്ചത്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ ഒമ്പതുവരെ റിമാൻഡ് ചെയ്ത് മഞ്ചേരി സ്‌പെഷല്‍ സബ്ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

