Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിയാർ ജലവൈദ്യുതി പദ്ധതി: കെ.എസ്.ഇ.ബി ഏറ്റെടുക്കില്ല; പഠിക്കാൻ സമിതി

text_fields
bookmark_border
മന്ത്രിസഭായോഗത്തിൽ വിമർശനം
മണിയാർ ജലവൈദ്യുതി പദ്ധതി: കെ.എസ്.ഇ.ബി ഏറ്റെടുക്കില്ല; പഠിക്കാൻ സമിതി
cancel

തിരുവനന്തപുരം: മണിയാർ ജലവൈദ്യുതി പദ്ധതി കാര്‍ബൊറാണ്ടം കമ്പനിയിൽനിന്ന് ഏറ്റെടുക്കാനുള്ള കെ.എസ്.ഇ.ബി നടപടി നിർത്തിവെക്കും. ശനിയാഴ്ച ചേർന്ന സർക്കാറിന്‍റെ അവസാന മന്ത്രിസഭായോഗത്തിൽ ഏറ്റെടുക്കൽ നീക്കത്തെ മന്ത്രി പി. രാജീവ് വിമർശിച്ചു. ഇതേതുടർന്ന് നടപടി നിർത്തിവെക്കാൻ ചീഫ്സെക്രട്ടറി നിർദേശം നൽകുകയായിരുന്നു.

പദ്ധതി ഏറ്റെടുക്കുന്നത് പഠിച്ചശേഷം മതിയെന്ന് അഭിപ്രായമുയർന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പഠിക്കാൻ നിയമസെക്രട്ടറി കൺവീനറും വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ഊർജ വകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളുമായ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ടിൽ തീരുമാനമാകുംവരെ എല്ലാ നടപടികളും നിർത്തിവക്കാൻ നിർദേശിച്ചാണ് ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് നോട്ടീസ് നൽകിയത്.

പത്തനംതിട്ടയിലെ 12 മെഗാവാട്ടിന്റെ മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി കാര്‍ബൊറാണ്ടം കമ്പനിയിൽനിന്ന്‌ സർക്കാർ ഏറ്റെടുക്കാൻ കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ് തീരുമാനിച്ചത്. ഇതേതുടർന്ന് പദ്ധതി ഏറ്റെടുക്കണമെന്ന് ഊര്‍ജ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വൈദ്യുതി ബോര്‍ഡ് ചെയര്‍മാന് ഏപ്രിൽ 28ന് ഉത്തരവ് നല്‍കി. അതനുസരിച്ച് ഏറ്റെടുക്കൽ നടപടിക്കായി മണിയാർ പദ്ധതി ഓഫിസിലെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ഓഫിസിലുണ്ടായിരുന്നവർ തടഞ്ഞിരുന്നു. പൊലീസ് സംരക്ഷണത്തോടെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് നിർത്തി വെക്കൽ.

പദ്ധതിക്കായി 1991 മേയ് 18നാണ് കെ.എസ്.ഇ.ബിയും മുരുഗപ്പ ഗ്രൂപ്പിന്‍റെ കാര്‍ബൊറാണ്ടം യൂനിവേഴ്സല്‍ ലിമിറ്റഡുമായി ബില്‍ഡ് ഓണ്‍ ഓപറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ വ്യവസ്ഥപ്രകാരം 30 വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. പ്രതിവര്‍ഷം മൂന്നുകോടിയിലേറെ യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മണിയാര്‍ പദ്ധതിവഴി കുറഞ്ഞത് 18 കോടി രൂപയുടെ വൈദ്യുതി ലഭിക്കും. 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ പദ്ധതിക്കുണ്ടായ നാശം പരിഹരിക്കാന്‍ വന്‍തുക നിക്ഷേപിച്ചെന്നും പകരമായി കാലാവധി 25 വര്‍ഷം കൂടി നീട്ടണമെന്നുമാണ് കമ്പനിയുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maniyar Hydropower Project: KSIB will not take over; Committee to study
Next Story