മണിപ്പൂർ കലാപം: സംഘ് പരിവാറിനെയും സഭാനേതൃത്വങ്ങളെയും വിമർശിച്ച് ‘സത്യദീപം’
text_fieldsകൊച്ചി: മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ സംഘ് പരിവാറിനെയും സഭാനേതൃത്വത്തെയും കടന്നാക്രമിച്ച് എറണാകുളം-അങ്കമാലി രൂപതയുടെ മുഖപത്രമായ ‘സത്യദീപം’. പുതിയ ലക്കത്തിൽ ‘മണിപ്പൂരിന്റെ മുറിവുകള്‍’ എന്ന എഡിറ്റോറിയലിലാണ് സംഘ് പരിവാറിനും അതിക്രമങ്ങൾക്കെതിരെ കാര്യമായി പ്രതികരിക്കാത്ത സഭാ നേതൃത്വങ്ങളെയും രൂക്ഷമായി വിമർശിക്കുന്നത്. ‘കേരള സ്റ്റോറി’യെക്കുറിച്ച് കര്‍ണാടക തെരഞ്ഞെടുപ്പ് പര്യടനവേളയില്‍ വാചാലനായ പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്നാണ് പ്രധാന ചോദ്യം. 2017ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നശേഷം മണിപ്പൂരിലെ മെയ്തി സമൂഹത്തിന് ഹൈന്ദവ വ്യക്തിത്വം നൽകാനുള്ള സംഘടിതശ്രമം നടക്കുന്നുണ്ട്. ഇത് സംഘര്‍ഷസാധ്യത വളര്‍ത്തുകയാണ്.
ആദിവാസി ഗോത്ര വിഭാഗങ്ങള്‍ തങ്ങളുടെ സാംസ്കാരികത്തനിമയെ അടയാളപ്പെടുത്തി, സ്വത്വബോധത്തോടെ സ്വതന്ത്രമായി കഴിയാനുള്ള ഭരണഘടനാപരമായ അവകാശം നിരുപാധികം നിലനില്‍ക്കുന്ന ഇടമായി മണിപ്പൂര്‍ തുടരേണ്ടതുണ്ട്. ഈ അവകാശപ്പോരാട്ടത്തെ വര്‍ഗീയവത്കരിച്ച് നേട്ടം കൊയ്യാനുള്ള ഹിന്ദുത്വ അജണ്ടയെ പിന്തുണക്കുന്ന നടപടികളില്‍നിന്ന് സര്‍ക്കാർ പിന്മാറണം. സഭാനേതൃത്വത്തിന്റെ പ്രതികരണം വൈകിയെന്ന് മാത്രമല്ല, വേണ്ടത്ര ശക്തമായില്ല എന്ന വിമര്‍ശനവുമുണ്ട്. ഒറ്റപ്പെട്ട ചില ഔദ്യോഗിക പ്രതികരണങ്ങളിൽപോലും പ്രശ്നം ക്രമസമാധാന തകര്ച്ചയുടേതാണെന്ന് ലളിതവത്കരിച്ചു.
സംഘ്പരിവാരത്തിന്റെ ആസൂത്രണമികവില്‍ ബി.ജെ.പി സര്‍ക്കാര്‍ നേതൃത്വവും പിന്തുണയും നൽകി വംശഹത്യയോളം വഷളാക്കിയതാണ് മണിപ്പൂര്‍ സംഘര്‍ഷമെന്ന് തുറന്നുപറയാന്‍ നേതൃത്വത്തിന് ഇപ്പോഴും മടിയാണ്. പ്രധാനമന്ത്രിയുമായി സഭാ മേലധ്യക്ഷന്മാര് കൊച്ചിയില്‍ നടത്തിയ ചര്‍ച്ചകള്‍ വിജയകരമെന്ന് അവകാശപ്പെട്ടവര്‍ ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്ന് സത്യദീപം പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

