'പഴയൊരു മോഷണത്തിന് പ്രായശ്ചിത്തം ചെയ്യാൻ വന്നതാണെന്നും പറഞ്ഞാണ് ദമ്പതികൾ ആ വീട്ടിലെത്തിയത്'; ഇതാ, മാമ്പഴ മധുരമുള്ള പ്രായശ്ചിത്ത കഥ
text_fieldsവീട്ടിലെത്തിയ മൂസക്കോയയെ (ഇടത് നിന്ന് മൂന്നാമത്) വിനോദിന്റെ കുടുംബം സ്വീകരിച്ചപ്പോൾ
വെള്ളിപറമ്പ് (കോഴിക്കോട്): അപ്രതീക്ഷിതമായി വീട്ടിലെത്തിയ ദമ്പതികൾ പഴയൊരു മോഷണത്തിന് പ്രായശ്ചിത്തം ചെയ്യാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ വെള്ളിപറമ്പ് പുതിയോട്ടിൽ വിനോദും കുടുംബവും ഒന്ന് അമ്പരന്നു. വെള്ളായിക്കോട് നിന്ന് വന്ന മൂസക്കോയയും ഭാര്യ ഷാഹിദയും കാരണം വെളിപ്പെടുത്തിയതോടെ ഉള്ള് നിറഞ്ഞ് ചിരിച്ചു; രണ്ടു കുടുംബങ്ങൾ തമ്മിൽ മധുരമായൊരു സ്നേഹസൗഹൃദം വിരിഞ്ഞു.
മോഷണക്കഥക്ക് നാലര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 18ാം വയസ്സിൽ വെള്ളിപ്പറമ്പിലെ സ്ഥാപനത്തിൽ വെൽഡിങ് ജോലിക്ക് വന്നപ്പോൾ അയൽവീട്ടിലെ മാവിൽ പാകമായി നിന്ന വലിയ മാങ്ങകൾ കണ്ടുമോഹിച്ചതാണ് മൂസക്കോയ. ഒരു ദിവസം ജോലി കഴിഞ്ഞ് പോകുമ്പോൾ അനുവാദം ചോദിക്കാതെ മാങ്ങയൊന്ന് പറിച്ച് സഞ്ചിയിലിട്ടു. വീട്ടിലെത്തി സഹോദരിമാർക്കൊപ്പം കഴിച്ച് മാങ്ങാണ്ടി വീടിന് പിന്നിൽ നടുകയും ചെയ്തു. മാവ് വളർന്ന് വലുതായി 44 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ കൊല്ലമാണ് ആദ്യ മാങ്ങയുണ്ടായത്. ഇക്കുറി മരത്തിൽ മാങ്ങകൾ നിറഞ്ഞപ്പോൾ ആദ്യം ഓർമ വന്നത് 45 വർഷം മുമ്പ് അനുവാദമില്ലാതെ പറിച്ചെടുത്ത മാങ്ങയും ആ വീടുമാണ്.
കൂടുതലൊന്നും ആലോചിച്ചില്ല. മൂപ്പെത്തിയ ഏതാനും മാങ്ങകളുമായി ആ പഴയ വീട് തേടി മൂസക്കോയയും ഭാര്യയും വെള്ളിപറമ്പിൽ എത്തി. അവിടെ ആ വീട് പുതിയ രൂപത്തിൽ അതേ സ്ഥാനത്തുണ്ട്. പരേതനായ പുതിയോട്ടിൽ ശ്രീധരൻ നായരുടേതായിരുന്നു വീട്. അദ്ദേഹത്തിന്റെ ഭാര്യ പുഷ്പാവതി, മകൻ വിനോദ്, ഭാര്യ പ്രിയ എന്നിവർ ആഗതരെ സ്വീകരിച്ചു.
മൂസക്കോയ പറഞ്ഞ കഥ കേട്ട് പുഷ്പാവതിയുടെ കൺകളിൽനിന്ന് സന്തോഷക്കണ്ണീർ പൊടിഞ്ഞു. പിന്നാമ്പുറത്തെ മാവ് വർഷങ്ങൾക്ക് മുമ്പേ മുറിച്ചിരുന്നു. വലിയ ഇനം മാങ്ങയാണ് അതിൽ ഉണ്ടാകാറെന്ന് അച്ഛൻ പറഞ്ഞത് വിനോദ് ഓർത്തെടുത്തു. മൂസക്കോയ സമ്മാനിച്ച മാങ്ങയിൽനിന്ന് അച്ഛന്റെ ഓർമയുള്ള മാവിൻ തൈകൾ നട്ടുമുളപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അനുവാദം ചോദിക്കാതെ ഒരു മാങ്ങ പറിച്ചത് വലിയ അപരാധമായി കരുതണോ എന്നു ചോദിച്ചപ്പോൾ അനുവാദമില്ലാതെ മൊട്ടുസൂചി എടുത്താലും നേരിന് നിരക്കാത്തതാണ് എന്നായിരുന്നു മൂസക്കോയയുടെ മറുപടി. സൗദിയിൽ 22 വർഷം പ്രവാസിയായിരുന്ന ഇദ്ദേഹമിപ്പോൾ പെരുമണ്ണയിൽ ഹാർഡ് വെയർ ഷോപ് നടത്തുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.