മംഗളൂരു വിമാനദുരന്തം; ഇരകൾക്ക് ഇനിയും കിട്ടിയില്ല നഷ്ടപരിഹാരം
text_fieldsമംഗളൂരു വിമാനദുരന്തം
കാസർകോട്: മംഗളൂരു വിമാനദുരന്തത്തിന്റെ 13 വർഷത്തിനിപ്പുറം രാജ്യത്തെ നടുക്കി വീണ്ടുമൊരു വിമാനാപകടം. എയർ ഇന്ത്യയുടെ തന്നെ വിമാനമാണ് അന്നും അപകടത്തിൽപെട്ടത്. 2010 മേയ് 22ന് രാവിലെ 6.20ന് 52 മലയാളികളും ആറ് എയർ ഇന്ത്യ ജോലിക്കാരുമുൾപ്പെടെ 158 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്. 8000 അടി റൺവേയിൽ സെർബിയൻ പൈലറ്റ് ക്യാപ്റ്റൻ ഗ്ലൂസിക്ക 5200 അടി അപ്പുറത്താണ് വിമാനം ലാൻഡ് ചെയ്തത്.
അതേസമയം, 15 വർഷത്തിനു ശേഷവും ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ ഉറ്റവർ കോടതി കയറിയിറങ്ങുകയാണ്. സുപ്രീംകോടതിയിലെ അനുകൂലവിധി കാത്ത് കഴിയുകയാണിവർ. അന്നത്തെ അപകടത്തിൽ എട്ടുപേർ മാത്രമാണ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്. നഷ്ടപരിഹാരത്തുക ലഭിക്കാതായതോടെ ഇവർ 2010ൽ മാംഗ്ലൂർ എയർക്രാഷ് വിത്ത് ഇൻ ഫാമിലി അസോസിയേഷൻ എന്ന പേരിൽ യൂനിയന് രൂപംകൊടുത്തിരുന്നു.
അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്ന സി. നാരായണൻ നായരുടെ നേതൃത്വത്തിലാണ് സുപ്രീംകോടതിയിലും ഹൈകോടതിയിലും കയറിയിറങ്ങുന്നത്. 2011 ജൂലൈ 20ന് ഹൈകോടതിയിൽനിന്ന് അനുകൂല വിധി വന്നിരുന്നു. എന്നാൽ, ഡിവിഷൻ ബെഞ്ച് വിധി സ്റ്റേചെയ്തു. തുടർന്ന് യൂനിയൻ സുപ്രീംകോടതിയിൽ അപ്പീലിന് പോയി. പ്രമുഖ അഭിഭാഷകരെ വച്ചാണ് കേസ് വാദിച്ചത്.
ജനപ്രതിനിധികളെ പലതവണ കണ്ടെങ്കിലും അനുകൂല ഇടപെടൽ ഉണ്ടായില്ലെന്നും യൂനിയൻ ആരോപിക്കുന്നു. അതേസമയം, കോഴിക്കോട് വിമാനദുരന്തത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട മിക്കവർക്കും ഒരു കോടി നഷ്ടപരിഹാരം ലഭിച്ച സാഹചര്യത്തിലാണ്, ഭാര്യയും മക്കളും നഷ്ടപ്പെട്ട മംഗളൂരു ദുരന്തത്തിൽപെട്ടവരുടെ ആശ്രിതരെ അശാസ്ത്രീയമായി വിലപേശി പറ്റിച്ചതായി പരാതി ഉയരുന്നത്. 1999ലെ മൗണ്ട്രിയൽ കൺവെൻഷനിൽ, അപകടത്തിൽ ചെറുവിരലിന് നേരിയ പരിക്കോടെ രക്ഷപ്പെട്ടാൽപോലും നോ ഫാൾട്ട് ലയബിലിറ്റി 2010 പ്രകാരം ചുരുങ്ങിയത് 75 ലക്ഷം ആശ്രിതർക്ക് നൽകണമെന്ന് പറയുന്നു. ആർട്ടിക്കിൾ 17, 21 പ്രകാരമാണ് നഷ്ടപരിഹാരത്തുക ലഭിക്കേണ്ടത്. 2025 ആകുമ്പോൾ പലിശയും മറ്റും കൂടി ഒരു കോടി 51 ലക്ഷത്തിലധികം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

