മംഗളൂരു ആൾക്കൂട്ട കൊല: ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsമംഗളൂരു:കുഡുപ്പു സാമ്രാട്ട് മൈതാനത്ത് മലയാളി യുവാവിനെ ആൾക്കൂട്ടം അക്രമിച്ച്കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യവിലോപം കാണിച്ചതിന് ഇൻസ്പെക്ടർ ഉൾപ്പെടെ പൊലീസ് സേനയിൽ മൂന്ന് പേരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തു.
മംഗളൂരു റൂറൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ പി.ചന്ദ്ര , കോൺസ്റ്റബിൾ യല്ലലിംഗ എന്നിവർക്ക് എതിരെയാണ് നടപടി.
മലപ്പുറം വേങ്ങരയിൽ നിന്ന് വയനാട്ടിൽ കുടിയേറിയ പുൽപ്പള്ളി സാന്ദീപനി കുന്നിലെ മുച്ചിക്കാടൻ കുഞ്ഞായിയുടെ മകൻ അഷ്‌റഫ് (36) ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് 25ലധികം വരുന്ന ആൾക്കൂട്ടം നടത്തിയ ക്രൂരമായ
ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മൈതാനത്ത് ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന ആക്രമണത്തിന്റെ ഗൗരവം അറിഞ്ഞിട്ടും ലാഘവത്തോടെ
കൈകാര്യം ചെയ്ത പൊലീസിന് എതിരെ രൂക്ഷ ആക്ഷേപമാണ് ഉയർന്നത്.അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹത്തിൽ നേരിയ പോറൽ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
സംഭവത്തിന്റെ ഗൗരവം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തി. പ്രാദേശിക ബിജെപി നേതാക്കൾക്ക് വഴങ്ങിയെന്ന ആക്ഷേപം ഉയർന്നിരുന്നു.ദക്ഷിണ കന്നട ജില്ല കോൺഗ്രസ് പ്രസിഡന്റ് ഹരീഷ് കുമാർ, മൈനോറിറ്റി കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.കെ.ഷാഹുൽ ഹമീദ്,സി.പി.എം ജില്ല സെക്രട്ടറി മുനീർ കാട്ടിപള്ള എന്നിവർ പൊലീസ് വേട്ടക്കാർക്കൊപ്പം എന്ന്
ആരോപിച്ച് പരസ്യമായി രംഗത്തുവന്നു.
ജനരോഷം ശക്തമായി വരുന്ന സാഹചര്യത്തിലാണ് പൊലീസ് സേനയിലെ മൂന്ന് പേർക്ക് എതിരെ നടപടി.ആൾക്കൂട്ട ആക്രമണ സംഭവത്തിൽ 20 പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

