മംഗളൂരു ആൾക്കൂട്ടക്കൊല: വെളിപ്പെട്ടത് ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീകരമുഖം -സി.പി.എം
text_fieldsഅഷ്റഫ്
മലപ്പുറം: മംഗളൂരുവിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ തല്ലിക്കൊന്ന സംഭവം രാജ്യത്തെ ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീകരമുഖമാണ് കാണിക്കുന്നതെന്ന് സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി വി.പി. അനിൽ പ്രസ്‌താവനയിൽ പറഞ്ഞു. മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി മൂച്ചിക്കാടൻ കുഞ്ഞീതിന്റെ മകൻ അഷ്‌റഫാണ് ആൾക്കൂട്ട ആക്രമണത്തിൽ മരിച്ചത്.
ക്രിക്കറ്റ് കളിക്കുകയായിരുന്ന സംഘത്തിന്റെ വെള്ളം കുടിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് വാർത്ത. മുസ്ലിം നാമധാരിയായതിന്റെ പേരിലാണ് നിസാര സംഭവത്തിന് ക്രൂരമായ ആൾക്കൂട്ട ആക്രമണം നേരിടേണ്ടി വന്നത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊലപ്പെടുത്തിയ ശേഷം പാകിസ്ഥാൻ അനുകൂലിയായി ചിത്രീകരിക്കാനും ഹീന ശ്രമമുണ്ടായി. നിസാര വിഷയങ്ങളിൽ മതം കലർത്തി രാജ്യത്ത് സംഘർഷം സൃഷ്ടിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ സംഭവവും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ തയാറാകണമെന്നും വി.പി. അനിൽ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
അഷ്റഫും കുടുംബവും നേരത്തെ താമസിച്ചിരുന്ന മലപ്പുറം കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ടിലെ വീടിനുസമീപം പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ നൂറുകണക്കിന് പേരാണ് എത്തിയത്. വീട് ബാങ്ക് ജപ്തി ചെയ്തതിനാൽ റോഡിൽ ആംബുലൻസിനകത്താണ് പൊതുദർശനം വെച്ചത്. അഷ്റഫിന്റെ മാതാവ് അടക്കമുള്ളവർ ഇവിടെ എത്തിയാണ് മകനെ അവസാനമായി ഒരുനോക്ക് കണ്ടത്. തുടർന്ന് പറപ്പൂർ ചോലക്കുണ്ട് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

