ആര്.എസ്.എസുകാരന്റെ കൊല: സഹോദരിയും വാടകക്കൊലയാളികളും അറസ്റ്റില്‍
text_fieldsമംഗളൂരു: ആര്.എസ്.എസ് പ്രവർത്തകൻ കാർത്തിക് രാജ് വധക്കേസിൽ സഹോദരിയുള്‍പ്പെടെ മൂന്നുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇളയസഹോദരി കാവ്യശ്രീ (25), വാടകക്കൊലയാളികളായ കുത്താര്‍ സന്തോഷ് നഗറിലെ ഗൗതം (26), ഇയാളുടെ സഹോദരന് ഗൗരവ് (19) എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം. ചന്ദ്രശേഖര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. കൊലപാതകം രാഷ്ട്രീയ, സാമുദായിക പ്രേരിതമല്ലെന്നും കുടുംബപ്രശ്നങ്ങളാണ് കാരണമെന്നും പൊലീസ് അറിയിച്ചു.
സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാവ്യശ്രീ അഞ്ചു ലക്ഷം രൂപക്കാണ് ഗൗതമിന് ക്വേട്ടഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 22നാണ് മെക്കാനിക്കല്‍ എൻജിനീയറും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ കാര്‍ത്തിക് രാജ് (30) പ്രഭാതസവാരിക്കിടെ കൊണാജെ ഗണേശ് മഹല്‍ പരിസരത്ത് ആക്രമണത്തിനിരയായത്. പ്രശ്നം ബി.ജെ.പി ഏറ്റെടുക്കുകയും പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
പുതുവര്‍ഷദിനത്തില്‍ കൊണാജെ പൊലീസ് സ്റ്റേഷന് മുന്നില്‍ ബി.ജെ.പി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് നളിന്‍കുമാര്‍ കട്ടീല്‍ എം.പി നടത്തിയ പ്രസംഗം വിവാദമായിരുന്നു. കാവ്യശ്രീയുടെ ഭർത്താവ് വിദേശത്താണ്. ഗൗതമുമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. കാർത്തിക് രാജ് ജീവിച്ചിരിക്കുന്നത് തനിക്ക് പ്രശ്നമാണെന്ന് മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
