മംഗളൂരു വിമാനദുരന്തത്തിന് എട്ടു വയസ്; നഷ്ടപരിഹാരത്തിലേക്ക് ഇനിയും എത്ര ദൂരം?
text_fieldsകാസർകോട്: പ്രവാസികളുടെ മനസില്‍ അണയാത്ത കനലുകള്‍ കോരിയിട്ട മംഗലാപുരം വിമാനദുരന്തത്തിന് ഇന്ന് ഏട്ടാണ്ട്. സന്തോഷത്തോടെ കളി ചിരികള്‍ പറഞ്ഞ് പെട്ടികെട്ടി നാട്ടിലേക്ക് യാത്രയാക്കിയവര്‍ ദുരന്തത്തിൽപ്പെട്ട വാര്‍ത്ത കേട്ട് ഞെട്ടി ഉണരുകയായിരുന്നു. ജീവനക്കാരടക്കം 166 പേരുമായി 2010 മെയ് 21ന് രാത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരത്തേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് 812 വിമാനം മംഗലാപുരം ബജ്പെ വിമാന താവളത്തില്‍ പുലര്‍ച്ചെ ഒരുമണിയോടെ ലാന്‍ഡിങിനൊരുങ്ങുന്നതിനിടെയായിരുന്നു അപകടം. ദുരന്തം നടന്ന് എട്ട് വര്‍ഷം പിന്നിട്ടിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ നഷ്ട പരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ പലര്‍ക്കും ലഭിച്ചിട്ടില്ല.
കുടുംബനാഥരും മക്കളും നഷ്ടപ്പെട്ട വീടുകളും അനാഥരായ മക്കളും ദുരന്തത്തിെൻറ ബാക്കിപത്രമാണിന്നും. 'എനിക്ക് ഭർത്താവിനെ തിരിച്ച് തന്നാൽ മതിയായിരുന്നു, നഷ്ടപരിഹാരത്തിനായി ഒരുപാട് പ്രാവശ്യം കോടതി കയറിയിട്ടുണ്ട്, കേസുകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ പരിഹാരം കാണുമെന്നാണ് അധികാരികൾ പറയുന്നത്. വലിയ സ്വപ്നത്തോടെയായിരുന്നു ഭർത്താവ് കടൽ കടന്ന് അറേബ്യയിലെത്തതിയത്, ഇൗ മൂന്ന് മക്കെളയും കൊണ്ട് ഞാൻ എന്താണ്ചെയ്യുക, പൊട്ടിക്കരഞ്ഞ് കൊണ്ട് വിമാനപകടത്തിൽ മരിച്ച കീഴൂരിലെ ഉമേശെൻറ ഭാര്യ പ്രമീള പറഞ്ഞു.
സുപ്രീം കോടതിയുടെ അന്തിമ വിധി കാത്ത് നിൽക്കുന്ന ഒരാളുണ്ട് കുമ്പള ആരിക്കാടിയിൽ. ഹൈകോടതിയിൽ നിന്ന് ആദ്യം അനുകൂലമായ വിധി വന്നിരുന്നു. ഇതിനെതിരെ എയർ ഇന്ത്യ അപ്പീൽ നൽകുകയും അവർക്കനുകൂലമായി ഉത്തരവിറങ്ങിയതോട് കൂടിയാണ് സലാം സുപ്രീം കോടതിയിൽ ഹരജി നൽകിയത്. മരിച്ചവരുടെ ആശ്രിതർക്ക് മോൺഡ്രിയൽ കരാറടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ഹരജി. സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ട് ആറ് വർഷം തികയുകയാണ്. ഇത് സംബന്ധിച്ച് ആഗസ്റ്റ് മാസങ്ങൾക്കകം നടപടിയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചതെന്ന് സലാം പറഞ്ഞു. ഇക്കാര്യത്തിൽ ഒരു ഉറപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സലാമിെൻറ മകൻമുഹമ്മദ് റാഫിയാണ് വിമാന അപകടത്തിൽ മരിച്ചത്. നഷ്ടപരിഹാരമായി 35 ലക്ഷം ഇവർക്ക് ലഭിച്ചിരുന്നു. അന്നത്തെ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ മോണ്‍ട്രിയാല്‍ ഉടമ്പടി പ്രകാരം കുറഞ്ഞത് 76 ലക്ഷം രൂപ വീതം മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആറുമാസത്തിനകം തുക നല്‍കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാല്‍ പലര്‍ക്കും പലവിധത്തിലാണ് നഷ്ടപരിഹാരം വിതരണം നടത്തിയത്. രാഷ്ട്രീയ ഉദ്യോഗസ്ഥ ചരടുവലികളും ഇതിലുണ്ടായിരുന്നുവെന്നും രക്ഷപ്പെട്ടവരും മരിച്ചവരുടെ ബന്ധുക്കളും പറയുന്നത്. അപകടത്തിൽ മരിച്ച 15ഓളം കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ മൃതദേഹാവശിഷ്ടം പോലും ലഭിച്ചില്ല. ദുരന്തത്തില്‍ 103 പുരുഷന്‍മാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് മരിച്ചത്. ഇതില്‍ നാല് കൈകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. മരിച്ചവരില്‍ 58 പേരും മലയാളികളായിരുന്നു. പലര്‍ക്കും പകുതി തുക കിട്ടാന്‍ വര്‍ഷങ്ങളോളം കോടതി കയറി ഇറങ്ങേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
