തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധന അനിവാര്യമെന്ന് അന്വേഷണ ഏജൻസികൾ. കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സരിത് എന്നിവർ നിരന്തരം സെക്രേട്ടറിയറ്റിൽ എത്തിയതായി മൊഴികളുണ്ട്. ഇത് തെളിയിക്കാൻ ഡിജിറ്റൽ തെളിവുവേണം.
കഴിഞ്ഞദിവസം ചേർന്ന അവലോകനയോഗത്തിലാണ് അന്വേഷണ ഏജൻസികൾ ഇക്കാര്യം മേലധികാരികളുടെ ശ്രദ്ധയിൽപെടുത്തിയത്. എൻ.െഎ.എ, കസ്റ്റംസ്, എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘങ്ങളാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അവലോകനയോഗം ചേർന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയാണ് ഈ നിർദേശത്തിെൻറ മൂലകാരണം. താന്‍ സെക്രട്ടേറിയറ്റിലെ ഓഫിസില്‍ ഇല്ലാതിരുന്ന ദിവസങ്ങളിലും ഇവർ പലതവണ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ശിവശങ്കറിെൻറ മൊഴിയുണ്ട്.
പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച ഈ മൊഴി സ്ഥിരീകരിച്ചിട്ടുണ്ട്. താനില്ലാത്തപ്പോള് ആരെക്കാണാനാണ് സ്വപ്നയും സരിത്തും എത്തിയതെന്ന് അറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. ശിവശങ്കറുമായി മാത്രമേ തങ്ങള്‍ക്ക് വ്യക്തിബന്ധമുള്ളൂവെന്നാണ് പ്രതികളുടെ മൊഴി.
ക്യാമറ ദൃശ്യങ്ങള്‍ കാണിച്ച് പ്രതികളെ ചോദ്യം ചെയ്താല്‍ വസ്തുത പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ.സെക്രേട്ടറിയറ്റിലെ 2019 ജൂലൈമുതൽ 2020 ജൂലൈവരെയുള്ള ദൃശ്യങ്ങൾ എൻ.െഎ.എ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതുവരെ ഇവ കൈമാറാൻ പൊതുഭരണവകുപ്പ് തയാറായിട്ടില്ല.
അതിനിടെയാണ് പൊതുഭരണവകുപ്പ് ഒാഫിസിൽ തീപിടിത്തമുണ്ടായത്. അതേസമയം കേസിലെ മുഖ്യപ്രതിയായ സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങാന്‍ കേരള പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നല്കിയ കേസിലും ഐ.ടി വകുപ്പില്‍ ജോലി നേടാന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസിലും ചോദ്യം ചെയ്യാനാണിത്.