മതമൈത്രിയുടെ മഹാക്ഷേത്രം വീണ്ടുമുണരുന്നു
text_fieldsപ്രകൃതിയും ഭക്തിയും താദാത്മ്യം പ്രാപിക്കുന്ന അപൂര്‍വ കാനന ക്ഷേത്രങ്ങളില്‍ പ്രഥമ സ്ഥാനമാണ് ശബരിമല ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തിനുള്ളത്. നാല്പത്തിയൊന്ന് ദിവസം നീളുന്ന വ്രതാനുഷ്ഠാനത്തോടെ കോടിക്കണക്കിന് ഭക്തര്‍ ശബരിമല എന്ന ഏക ലക്ഷ്യത്തിലേക്ക് പ്രവഹിക്കുകയാണ് ഓരോ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തും. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്ന് ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ശബരിമല വിമാനത്താവളം, ശബരി റെയില്‍പാത എന്നിവ പൂർത്തിയാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ഊര്ജിതപ്പെടുത്തുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ശബരിമല വനമേഖലയുടെ പരിസ്ഥിതി ഓരോ തീർഥാടനകാലം കഴിയുമ്പോഴും അവതാളത്തിലാകാറുണ്ട്. ശബരിമലയും പരിസരവും പൂര്‍ണമായി പ്ലാസ്റ്റിക് നിരോധിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് . പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് പകരമായി സൗജന്യ കുടിവെള്ള വിതരണത്തിന് ബദല്‍ സംവിധാനം കേരള വാട്ടര്‍ അതോറിറ്റിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സജ്ജീകരിക്കും. തീർഥാടകർക്ക് തണുത്ത വെള്ളവും ചൂടു വെളളവും കിട്ടുന്ന കിയോസ്കുകളും ശുദ്ധജല പ്ലാൻറും പ്രവർത്തനസജ്ജമാക്കും.
പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രി സംവിധാനം ഉണ്ടാകും. അപ്പാച്ചിമേട്ടിലും നീലിമലയിലും കാര്‍ഡിയോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ സംഘത്തിെൻറ സേവനവുമുണ്ടാകും. അത്യാധുനിക ആംബുലന്‍സുകള്‍ 24 മണിക്കൂറും സജ്ജമായിരിക്കും. ഓക്സിജന്‍ പാര്‍ലറുകള്‍ , താൽകാലിക ഡിസ്പെൻസറികള്‍ എന്നിവ കോട്ടയം, ഇടുക്കി ജില്ലകളിലും സജ്ജീകരിക്കും.
ശബരിമലയിലെ ആചാരത്തില്പെടാത്ത ഒന്നാണ് പമ്പാനദിയില്‍ വസ്ത്രവും, വ്രതാനുഷ്ഠാനത്തിനിടുന്ന മാലയും ഉപേക്ഷിക്കുന്ന രീതി. ഇത്തരം കാര്യങ്ങളില്‍ ബോധവത്കരണത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഏജന്‍സികള്‍വഴി ദൃശ്യമാധ്യമങ്ങളില്‍ അറിയിപ്പ് പ്രക്ഷേപണം ചെയ്യും. സന്നിധാനത്തും പരിസരത്തും പമ്പയിലുമുള്ള ഹോട്ടലുകളിലെ ആഹാരത്തിെൻറ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പിെൻറ നിരന്തര പരിശോധന നടത്തും.
തീർഥാടകരുടെ യാത്ര സൗകര്യത്തിനും തയാറെടുപ്പുകള്‍ എടുത്തിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, പുനലൂര്‍, അടൂര്‍, പത്തനംതിട്ട, ചെങ്ങന്നൂര്‍, കായംകുളം, കോട്ടയം, എറണാകുളം എന്നീ കെ.എസ്.ആര്.ടി.സി ഡിപ്പോകളെ പ്രത്യേക ശബരിമല സര്‍വിസ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചാണ് സര്‍വിസ് നടത്തുക. ക്യൂ കോപ്ലക്സ് സംവിധാനം പൊലീസ് നിയന്ത്രണത്തിലും നിരീക്ഷണത്തിലും ആയിരിക്കും. സി.സി.ടി.വി കാമറകള്‍ വഴി 24 മണിക്കൂറും സന്നിധാനവും പമ്പയും നടപ്പാതയും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തും. പമ്പ നദിയെ ഒരളവുവരെ മാലിന്യമുക്തമാക്കാനായി ശബരിമലയില്‍ പ്രതിദിനം അഞ്ച് ദശലക്ഷം ലിറ്റര്‍ സംസ്കരണ ശേഷിയുള്ള മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. പരമ്പരാഗത പാതയില്‍ മരക്കൂട്ടം മുതല്‍ ശരംകുത്തി വരെയുള്ള പാതയുടെ ഒരുവശത്ത് ആറ് ക്യൂ കോംപ്ലക്സുകളും നിർമിച്ചു. ഒരേ സമയം 5000 പേര്‍ക്ക് അന്നദാനം കൊടുക്കുന്നതിന് സന്നിധാനത്ത് മാളികപ്പുറം ഭാഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപം നിർമിച്ചു. ശബരിമല വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവാക്കുമ്പോള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയരുന്നത് ദൗര്‍ഭാഗ്യകരമാണ്. ക്ഷേത്രങ്ങളില്‍നിന്നുള്ള ഒരു രൂപപോലും സര്‍ക്കാര്‍ എടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
