മണ്ഡല–മകര വിളക്ക്; തീർഥാടകർക്ക് ഭക്ഷണ, വിശ്രമ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മണ്ഡലം -മകര വിളക്ക് തീർഥാടന കാലത്ത് ഭക്തർക്ക് ഭക്ഷണം, വിശ്രമം, പാർക്കിങ്ങ്, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. തീർഥാടനത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായെന്ന് തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകൾ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഈ നിർദേശം നൽകിയത്. ഒരുക്കങ്ങൾ സംബന്ധിച്ച് ശബരിമല സ്പെഷൽ കമീഷണറും റിപ്പോർട്ട് സമർപ്പിച്ചു.
തീർഥാടക പ്രവാഹം കണക്കിലെടുത്ത് മുനിസിപ്പൽ ഓഫിസിന് എതിർഭാഗത്ത് ഇടത്താവളവും റെയിൽവേ സ്റ്റേഷനിൽ ഇൻഫർമേഷൻ കൗണ്ടറും ഒരുക്കിയതായി ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയും ക്രമീകരണങ്ങൾ പൂർത്തിയായെന്ന് എരുമേലി ഗ്രാമപഞ്ചായത്തും അറിയിച്ചു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള കേന്ദ്രങ്ങളിൽ പ്രീപെയ്ഡ് ടാക്സി കൗണ്ടറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ സമയം തേടി.
വിവിധ മേഖലകളിൽ ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരെ നിയമിക്കുന്ന കാര്യത്തിൽ കോടതി വിശദീകരണം തേടി. ഗതാഗതത്തിനു തടസമായി നിലക്കൽ മുതൽ പമ്പവരെ റോഡിനിരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

