മാനന്തവാടി മണ്ഡലം: സീറ്റ് പിടിക്കാൻ യു.ഡി.എഫ്, നിലനിർത്താൻ എൽ.ഡി.എഫ്
text_fieldsമാനന്തവാടി: യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ ആധിപത്യമുള്ള മാനന്തവാടി മണ്ഡലം ഇത്തവണ ആർക്കോപ്പം നിൽക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുമ്പ് യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫിന് ഒപ്പമാണ്. ഇത്തവണ എൽ.ഡി.എഫിൽനിന്നും മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറച്ച പ്രതീക്ഷയിൽ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് യു.ഡി.എഫ്. ഈ തെരഞ്ഞടുപ്പിൽ എൽ.ഡി.എഫിനായി ഒ.ആർ കേളുവും യു.ഡി.എഫിനായി ഉഷ വിജയനുമാണ് മത്സരരംഗത്തുള്ളത്.
2011ലാണ് പട്ടികവർഗ സംവരണമായി (എസ്.ടി) മാനന്തവാടി മണ്ഡലം രൂപവത്കരിച്ചത്. ഗോത്ര വർഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് മാനന്തവാടി. മണ്ഡലത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിനും യു.ഡി.എഫിനും ഒരുപോലെ സ്വാധീനമുള്ള മേഖലയാണ്. അതിനാൽ, ഈ മണ്ഡലത്തിൽ വിജയിയെ പ്രവചിക്കുകയെന്നത് എളുപ്പമല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സ്ഥാനാർഥികൾക്കാണ് ജനം വോട്ടു ചെയ്യുന്നതെന്നും നേതാക്കൾ പറയുന്നു.
2011ൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച പി.കെ. ജയലക്ഷ്മി വിജയിച്ചു. എൽ.ഡി.എഫിന്റെ കെ.സി. കുഞ്ഞിരാമനെതിരെ 12,000ത്തലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയലക്ഷമിയുടെ വിജയം. 2016ൽ മണ്ഡലത്തിൽ ഒ.ആർ. കേളുവിനെ രംഗത്തിറക്കിയാണ് എൽ.ഡി.എഫ് മാനന്തവാടി പിടിച്ചത്. 1,307 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഒ.ആർ. കേളു ജയിച്ചത്. 2021ൽ കേളു 9,282 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കാൻ കേളുവിനായി. നിലവിൽ അദ്ദേഹം കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയാണ്.
മുമ്പ് രണ്ടു തവണ പരാജയപ്പെട്ടെങ്കിലും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായാണ് ഉഷ വിജയനെ യു.ഡി.എഫ് ചുമതലപ്പെടുത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയും പ്രിയഗാന്ധിയും മത്സരിച്ചപ്പോഴുണ്ടായ വലിയ ഭൂരിപക്ഷം, നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടാക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുക്കൂട്ടൽ. 2021ൽ എൻ.ഡി.എ സ്ഥാനാർഥി മുകുന്ദൻ പള്ളിയറ 13,142 വോട്ട് നേടിയിരുന്നു. വോട്ട് വിഹിതത്തിൽ കാര്യമായ വർധനയുണ്ടാക്കാൻ ബി.ജെ.പിക്ക് അന്ന് സാധിച്ചില്ല. എങ്കിലും കേന്ദ്ര സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ വന്യജീവി ആക്രമണങ്ങളാണ് തെരഞ്ഞെടുപ്പിലെ ചർച്ച വിഷയം. വന്യമൃഗശല്യത്തിൽ കൃഷി നശിച്ചെന്നും നിരവധി പേരുടെ ജീവൻ പൊലിഞ്ഞതും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നേരിടാനുള്ള ഫെൻസിങ്ങ് അടക്കമുള്ള പ്രതിരോധ പ്രവർത്തനവും ചർച്ചാ വിഷയമാക്കിയാണ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വയനാട് ടൗൺഷിപ്പും നഗരത്തിലെ വികസന പ്രവർത്തനങ്ങളും ചർച്ച വിഷയമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

