ദാറുൽ ഹുദക്കെതിരായ സി.പി.എം മാർച്ച് ദുരുദ്ദേശ്യപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് മാനേജിങ് കമ്മിറ്റി
text_fieldsചെമ്മാട്: ദാറുൽ ഹുദ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തിയ സി.പി.എം നടപടിക്കെതിരെ മാനേജിങ് കമ്മിറ്റി രംഗത്ത്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി നടത്തിയ മാര്‍ച്ച് രാഷ്ട്രീയ പ്രേരിതവും തീര്‍ത്തും അനുചിതവുമാണെന്ന് ദാറുല്‍ഹുദാ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ദാറുൽ ഹുദായുടെ പ്രവർത്തനം മൂലം സമീപവാസികളുടെ കുടിവെള്ളത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിച്ചതായി യാതൊരു പരാതിയും ഉണ്ടായിട്ടില്ല. പരാതികള്‍ ആരുടെ ഭാഗത്ത് നിന്നാണെങ്കിലും കേള്‍ക്കാനും ന്യായമായത് തിരുത്താനും മാനേജിങ് കമ്മിറ്റി തയാറാണ്. പരാതി ഉണ്ടെങ്കില്‍ സ്ഥാപന അധികാരികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളിലൂടെ പരിഹരിക്കുകയെന്ന ജനാധിപത്യ മര്യാദ പാലിക്കുന്നതിന് പകരം ഒരു മതസ്ഥാപനത്തിന്റെ പരിസരത്തേക്ക് സമര കാഹളം മുഴക്കി മാര്‍ച്ച് നടത്തുന്നത് തീര്‍ത്തും ദുരുദ്ദേശ്യപരമാണ് -ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഒരു തുള്ളി മലിനജലം പോലും പുറത്തേക്ക് ഒഴുക്കി വിടാതെ എല്ലാം കാമ്പസില്‍ തന്നെ സംസ്‌കരിച്ചു വരികയാണ്. രണ്ടര ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ളതും മുക്കാല്‍ കോടിയിലധികം ചെലവ് വരുന്നതുമായ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കെ, അതൊന്നും കണ്ടില്ലെന്ന് നടിച്ച് കഴിഞ്ഞ ദിവസം നടത്തിയ സമര പ്രഹസനം സ്ഥാപനവും നേതാക്കളും ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശ നയനിലപാടുകളോടുള്ള പാര്‍ട്ടിയുടെ കടുത്ത വിയോജിപ്പും അസഹിഷ്ണുതയുമാണെന്ന് ആര്‍ക്കും ബോധ്യമാകും -മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, യു. മുഹമ്മദ് ശാഫി ഹാജി, കെ.എം സൈതലവി ഹാജി, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, ഡോ. യു.വി.കെ മുഹമ്മദ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മാലിന്യപ്രശ്‌നം, വയല്‍ നികത്തൽ എന്നിവ ചൂണ്ടിക്കാട്ടി സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി ദാറുൽ ഹുദയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ദാറുല്‍ ഹുദ പരിസരത്ത് പൊലീസ് തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

